tv-r

അരൂർ : ലോറിയിൽ കൊണ്ടുപോകുന്നതിനിടെ കയർ പൊട്ടിച്ച് റോഡിലേക്ക് ചാടിയ പോത്ത് മൂന്ന് കിലോമീറ്ററോളം ദേശീയപാതയിലൂടെ ഓടിയത് പരിഭ്രാന്തി പരത്തി.

അരൂർ ബൈപ്പാസ് കവലയിൽ നിന്ന് കലി തുള്ളി ഓടിയ പോത്തിനെ അരൂർ പൊലീസ് സ്റ്റേഷന് സമീപം വച്ച് പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പിടിച്ചുകെട്ടുകയായിരുന്നു. ഇന്നലെ രാവിലെ ഒൻപതിനായിരുന്നു സംഭവത്തിന്റെ തുടക്കം.ആദ്യം പൊലീസ് സ്റ്റേഷൻ പരിസരത്തും അതിനു ശേഷം സർക്കാർ ആയുർവേദ ആശുപത്രിയിലും പോത്ത് എത്തി . ഗേറ്റ് പൊലീസ് പൂട്ടിയതോടെ പോത്ത് ആശുപത്രി കോമ്പൗണ്ടിൽ കുടുങ്ങി. വിവരമറിഞ്ഞു അരൂർ ഫയർ സ്റ്റേഷൻ ഓഫീസർ പി.വി. പ്രേംനാഥ്, ലീഡിംഗ് ഫയർമാൻ ടി.എം.പവിത്രൻ എന്നിവർ സ്ഥലത്തെത്തി. ഇവർക്കൊപ്പം പൊലീസും ഇറച്ചിവെട്ടുകാരായ രണ്ട് പേരും കൂടി ചേർന്നാണ് പോത്തിനെ തളച്ചത്.പൊലീസ് സ്റ്റേഷന്റെ പിൻഭാഗത്ത് കെട്ടിയിട്ടിരിക്കുന്ന പോത്തിനെ തേടി ഉടമകൾ ആരും തന്നെ എത്തിയില്ല.