അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന കാന്റീനിൽ
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ.വി.വി.ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.
കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച ലൈസൻസ് പുതുക്കിയിട്ടില്ലെന്നും, അടുക്കള വൃത്തിഹീനമാണെന്നും, ജീവനക്കാർക്ക് ഹെൽത്ത് കാർഡോ, ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി. ഭക്ഷണ സാധനങ്ങൾ തുറന്നാണ് വച്ചിരുന്നത്. മറ്റു രേഖകൾ കൂടി പരിശോധിച്ച ശേഷം കാന്റീൻ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് അലക്സാണ്ടർ, സജീവ് കുമാർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.