anveshana-sangham

മാന്നാർ: ചെങ്ങന്നൂർ വെണ്മണി ഇരട്ടക്കൊലയിലെ പ്രതികളായ ബംഗ്ളാദേശ് സ്വദേശികൾ, ലബലുവിനും ജൂവലിനും വിനയായത് കൊല്ലപ്പെട്ട ചെറിയാന്റെ മൊബൈൽഫോൺ കവർന്നതും കൂട്ടുകാരുമൊത്തുള്ള സെൽഫി ചിത്രങ്ങളും. വിവിധ റെയിൽവേ സ്റ്റഷനുകളിലെ സി.സി.ടി.വി കാമറികളിൽ പ്രതികൾ കുടുങ്ങിയതും വേഗമുള്ള അറസ്റ്റിന് വഴിയൊരുക്കി.

വെൺമണി കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാന്റെയും (കുഞ്ഞുമോൻ- 75) ഭാര്യ ലില്ലി ചെറിയാന്റെയും (70) ഘാതകരെ രണ്ടാം ദിവസം പിടികൂടാൻ കഴിഞ്ഞത് പൊലീസിന് അഭിമാന നേട്ടമായി.

സംഭവം നടന്ന തി​ങ്കളാഴ്ച പ്രതികൾ കൊല നടന്ന വീട്ടിൽ നിന്ന് ആട്ടോറിക്ഷയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി വൈകി​ട്ട് 5.26നുള്ള തിരുവനന്തപുരം ചെന്നൈ മെയിലിൽ കയറി​. ഇതി​നി​ടെ ഇവർ വെണ്മണിയിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളെ വിളിച്ചിരുന്നു. ചെറിയാന്റെ ഫോണും ഇവരുടെ കൈവശം ഉണ്ടായിരുന്നു.

ചൊവ്വാഴ്ച രാവിലെ എട്ടുമണി​യോടെ ചെന്നൈയിൽ എത്തുകയും കൊൽക്കത്തയിലേക്കുള്ള കൊറമണ്ഡൽ എക്‌സ്‌പ്രസിൽ കയറുകയും ചെയ്തു. ചെറിയാന്റെ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പറും പ്രതികളിലൊരാളുടെ ഫോൺ വിളികളും പിന്തുടർന്നാണ് പൊലീസ് ഇവരെ പി​ടി​കൂടി​യത്. നാട്ടി​ലുള്ള സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് ചെന്നൈയി​ലേക്ക് ഇവർ രക്ഷപ്പെട്ടതായി​ സൂചന ലഭി​ച്ചത്. കൂട്ടുകാർക്കൊപ്പമുള്ള ചി​ത്രങ്ങളും പ്രതി​കളെ പി​ടി​കൂടാൻ തുണയായി. കൊൽക്കത്തയിൽ നിന്നു ജലമാർഗം ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാനുംഇവർക്ക് പദ്ധതി​യുണ്ടായി​രുന്നു.

........................................

അവസാനം സംസാരിച്ചത്

വിദേശത്തുള്ള മകളുമായി

മാന്നാർ: ചെറിയാൻ ലില്ലി ദമ്പതികൾ അവസാനമായി സംസാരിച്ചത് വി​ദേശത്തുള്ള മകൾ ബിന്ദു ചെറിയാനുമായി. വീട്ടിൽ ഞായറാഴ്ചയും പണിക്കാരുണ്ടായിരുന്നുവെന്നും പറമ്പിലെ കാടും പടലുകളും വൃത്തിയാക്കുകയാണെന്നും ചൊവ്വാഴ്ച ആലപ്പുഴയിൽ ഹൗസ്ബോട്ട് യാത്രയ്ക്ക് പോകുന്നുണ്ടെന്നും ഇരുവരം പറഞ്ഞു. അര മണി​ക്കൂറി​ലധി​കം സംസാരി​ച്ചു. ഭക്ഷണം കഴിക്കാൻ പോകുകയാണെന്നു പറഞ്ഞാണ് ഫോൺ വച്ചത്.

ഉച്ചയ്ക്ക് 2 മണിക്ക് ശേഷം വിദേശത്തുള്ള മകൻ ബിബി ചെറിയാൻ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടങ്കിലും മാതാപിതാക്കളെ ലഭിച്ചിരുന്നില്ല. നാട്ടിൽ ഇടിയും മഴയും ആയതിനാലാവാം ഫോൺ എടുക്കാത്തതെന്ന് മകൻ വി​ശ്വസി​ച്ചു. തൊട്ടടുത്ത ദി​വസം മാതാപി​താക്കളുടെ മരണവാർത്തയാണ് മകനെ തേടി​യെത്തി​യത്.