ഹരിപ്പാട്: ഹോർട്ടികോർപ്പിന്റെ കുമാരപുരത്തെ സംഭരണ, വിതരണ കേന്ദ്രത്തിലെ രേഖകളിൽ കൃത്രിമത്വം കാട്ടി പണാപഹരണം നടത്തിയ നാലു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തു. മാനേജരുടെ ചുമതല വഹിച്ചിരുന്ന രാജേഷ്, അക്കൗണ്ട്സ് അസിസ്റ്റന്റ് പാർവ്വതി, കമ്പ്യൂട്ടർ ഓപ്പറേറ്റർ മഞ്ജു, ഓഫീസ് അസിസ്റ്റന്റ് മനോജ് എന്നിവർക്കെതിരെയാണു നടപടി.
ഫ്രാഞ്ചൈസികളിൽ നിന്നു ലഭിക്കുന്ന പണത്തിൽ ഒരു ഭാഗം പ്രധാന കാഷ് ബുക്കിൽ ചേർക്കാതെ തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ 12 ലക്ഷം രൂപയുടെ ക്രമക്കേടാണ് വ്യക്തമായത്. പുതിയ മാനേജരെത്തി കുടിശികക്കാർക്ക് നോട്ടീസ് നൽകിയപ്പോൾ ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നാൽവർ സംഘം നടത്തിയ ക്രമക്കേടുകളെപ്പറ്റി സൂചന ലഭിച്ചത്. ഫ്രാഞ്ചൈസികളിൽ ഓർഡറിന്റെ അടിസ്ഥാനത്തിൽ സാധനങ്ങൾക്കൊപ്പം നൽകുന്ന ബില്ലിന്റെ ഓഫീസ് കോപ്പിയിൽ, സ്വീകരിക്കുന്ന തുക രേഖപ്പെടുത്തുമായിരുന്നു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന തുക ഹോർട്ടികോർപ്പിന്റെ കണക്കിൽ ചേർത്ത് ഒറിജിനൽ ബില്ലു നൽകാതെയായിരുന്നു തട്ടിപ്പ്. ഇന്റേണൽ ഓഡിറ്റിനെത്തുന്നവർ പ്രധാന രജിസ്റ്ററിനൊപ്പം അനുബന്ധ രേഖകൾ കൂടി പരിശോധിച്ച് കൃത്യത വരുത്താതിരുന്നതാണ് ക്രമക്കേട് തുടരാൻ കാരണമായത്.
2015ലാണ് കുമാരപുരത്ത് ഹോർട്ടി കോർപ്പറേഷൻ ഓഫീസ് പ്രവർത്തനം തുടങ്ങിയത്. 2019 ആഗസ്റ്റുവരെയുള്ള രേഖകൾ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് ബോദ്ധ്യപ്പെട്ടത്. പുതിയ മാനേജർ ഹെഡ് ഓഫീസിൽ അറിയിച്ചതിനെ തുടർന്നു പ്രത്യേക അന്വേഷണ സംഘം നടത്തിയ പ്രാഥമിക പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.