 ഇതരസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന ബംഗ്ളാദേശുകാർ

മാന്നാർ: ഇതരസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന കേരളത്തിലേക്ക് എത്തുന്ന പലരും ബംഗ്ലാദേശികൾ. പകൽ സമയം പാവം തൊഴിലാളി​കളാണെങ്കിലും അവസരം ലഭിച്ചാൽ തൊഴിലുടമകളുടെ ജീവൻ പോലും അപഹരിക്കാവുന്ന കൊടുംകുറ്റവാളികൾ ആയേക്കാമെന്നതിന്റെ അവസാന ഉദാഹരണമാണ് ചെങ്ങന്നൂർ വെണ്മണിയിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകം. മലയാളികൾ അല്ലാത്ത എല്ലാവരെയും 'ബംഗാളികൾ' എന്ന് പൊതുവേ വിളിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിനെയാണ് ബംഗ്ളാദേശികളായ ക്രിമിനലുകൾ ചൂഷണം ചെയ്യുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വെണ്മണിയിൽ വൃദ്ധദമ്പതികളെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ജോലി ചെയ്യാനെന്ന പേരിൽ കേരളത്തിലേക്ക് നുഴഞ്ഞുകയറുന്ന ബംഗ്ലാദേശികളിൽ കവർച്ചക്കാരും അക്രമികളും ഉണ്ട് . ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ കേരളത്തിൽ തമ്പടിക്കുന്നുണ്ടെങ്കിലും ഇവരെ സംബന്ധിച്ച വ്യക്തമായ രേഖകൾ സർക്കാരിന്റെ പക്കലില്ല. കർണാടകത്തിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ തുടങ്ങിയതോടെ ഇവരിൽ ഭൂരിഭാഗവും കേരളത്തിലേക്ക് പലായനം ചെയ്യുന്നതായാണ് വിവരം.
കേരളത്തിൽ ബംഗ്ലാദേശികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതായാണ് പൊലീസിന്റെ റിപ്പോർട്ടുകൾ. അവസരമൊത്താൽ മോഷണം നടത്തുന്നവർ മുതൽ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്താൻ മടിയില്ലാത്തവർ വരെ ഇവരിലുണ്ട്. ബംഗ്ലാദേശികൾ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് പലപ്പോഴും സമാന സ്വഭാവങ്ങളാവും ഉണ്ടാവുക. ഇവരിൽ പലരും കവർച്ച ലക്ഷമിട്ടുതന്നെയാണ് കേരളത്തിലേക്ക് എത്തുന്നത്. കാര്യം നടന്നുകഴിഞ്ഞാൽ ഉടൻ തന്നെ ബംഗ്ലാദേശിലേക്ക് മടങ്ങുന്നതാണ് പതിവ്.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കെട്ടിടനിർമ്മാണ തൊഴിലാളികളും മറ്റും തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ നിന്ന് ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചറിയുകയെന്നത് പൊലീസിന് ദുഷ്‌കരമാണ്. ഇതു മനസിലാക്കിയാണ് ക്രിമിനൽ പശ്ചാത്തലമുള്ള ബംഗ്ലാദേശികളിൽ പലരും നിർമ്മാണ തൊഴിലാളികളുടെ വേഷത്തിൽ കേരളത്തിലേക്കെത്തുന്നത്.