അറസ്റ്റിലായത് ബംഗ്ളാദേശികളായ ലബ്ളുവും ജുവലും
ചെങ്ങന്നൂർ: വെണ്മണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാനെയും ഭാര്യ ലില്ലിയെയും ലപ്പെടുത്തിയ കേസിൽ ബംഗ്ളാദേശ് സ്വദേശികളായ ലബ്ലുവും ജുവലും അറസ്റ്രിലായി. കൃത്യം നടത്തിയ ശേഷം കേരളംവിട്ട ഇവർ വിശാഖപട്ടണത്തു വച്ച് ട്രെയിൻ യാത്രയ്‌ക്കിടെയാണ് പിടിയിലായത്.
കോടുകുളഞ്ഞി കരോട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു സമീപമുള്ള വാടകവീട്ടിൽ ഇതര സംസ്ഥാനക്കാരായ മറ്റു തൊഴിലാളികൾക്കൊപ്പമായിരുന്നു ഇരുവരുടെയും താമസം. കൂട്ടത്തിലുണ്ടായിരുന്ന മൂന്നുപേരെ ചോദ്യം ചെയ്തതോടെയാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഇവർ യാത്രയ്ക്കിടെ സഹയാത്രികരുടെ ഫോണിൽ നിന്ന് വെണ്മണിയിലുള്ള സുഹൃത്തുക്കളെ ഇടയ്ക്കിടെ വിളിച്ചിരുന്നു. ഇതു പരിശോധിച്ചാണ് ഇവർ ട്രെയിനിൽ സഞ്ചരിക്കുകയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
തുടർന്ന് മാന്നാർ സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കൊച്ചിയിൽ നിന്ന് വിമാനത്തിൽ കൊൽക്കത്തയിലെത്തി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാൽ പ്രതികളെ തിരിച്ചറിഞ്ഞ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് വിജയവാഡയിൽ വച്ച് ഇവരെ പിടികൂടി വിശാഖപട്ടണത്ത് ഇറക്കി മാരിപാലം ആർ.പി.എഫ് സ്റ്റേഷനിലെത്തിച്ചു.
ചെറിയാന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച പണവും 50 പവനോളം സ്വർണവും പ്രതികളിൽ നിന്ന് കണ്ടെടുത്തു. ഇവരെ ഇന്നു രാവിലെ ആലപ്പുഴയിൽ എത്തിച്ച് ഉച്ചയോടെ വെണ്മണിയിൽ കൊണ്ടുവന്ന് തെളിവെടുക്കും. ചെറിയാന്റെയും ലില്ലിയുടെയും സംസ്കാരം ഇന്ന് രാവിലെ 11.30ന് കോടുകുളഞ്ഞി സി.എസ്.ഐ ക്രൈസ്റ്റ് പള്ളി
യിൽ നടക്കും.