സമ്പൂർണ ശുചിത്വ നഗര പ്രഖ്യാപനം ജനുവരി ഒന്നിന്
ആലപ്പുഴ: ശുചിത്വ നഗരം, സുന്ദര നഗരം ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ആലപ്പുഴ നഗരത്തിൽ, മഹാശുചിത്വ യജ്ഞത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട സൗന്ദര്യവത്കരണത്തിന് തുടക്കം കുറിച്ചു. നഗരത്തിലെ മാലിന്യങ്ങൾ പൂർണ്ണമായും നിർമാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വ യജ്ഞത്തിന് തുടക്കം കുറിച്ചത്. ജനുവരി ഒന്നിന് ആലപ്പുഴ നഗരത്തെ സമ്പൂർണ ശുചിത്വ നഗരമായി പ്രഖ്യാപിക്കുന്നതിനുള്ള മുന്നൊരുക്കമാണ് ശുചീകരണ പ്രവർത്തനങ്ങൾ.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ വൈ.എം.സി.എ, ജനറൽ ആശുപത്രി, കല്ലുപാലം, ഇരുമ്പ്പാലം, കൺട്രോൾ റൂം ജംഗ്ഷൻ, സീറോ ജംഗ്ഷൻ, കൊത്തുവാൽച്ചാവടി പാലം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ശവക്കോട്ടപ്പാലം, കളക്ടറേറ്റ്, ബീച്ച്, മട്ടാഞ്ചേരിപാലം, കൊമ്മാടി പാലം എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ പ്രവർത്തകൾ ഉൾപ്പെടെ 5000ലധികം പേരാണ് യജ്ഞത്തിൽ പങ്കാളികളായത്. ഹരിത കർമസേനയെ ഉൾപ്പെടെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ശുചിത്വ യജ്ഞം നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എ.റസാഖ് അദ്ധ്യക്ഷത വഹിച്ചു. ഇന്നലെ രാവിലെ 8 മുതൽ 10.30 വരെയായിരുന്നു ശുചീകരണം. സ്കൂൾ വിദ്യാർത്ഥികൾ സ്കൂളിനു സമീപമുള്ള റോഡുകളിലും നേരത്തെ നിർദ്ദേശം നൽകിയിട്ടുള്ള കേന്ദ്രങ്ങളിലും ശുചീകരണം നടത്തി. ശേഖരിച്ച മാലിന്യങ്ങൾ പ്രത്യേക കളക്ഷൻ പോയിന്റിലേക്ക് മാറ്റി. വൈസ് ചെയർമാൻ ജ്യോതിമോൾ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണൻ, ബി.ജെ.പി നേതാവ് ആർ.ഹരി എന്നിവർ നേതൃത്വം നൽകി.
.....................................
വളം കർഷകർക്ക്
പ്ലാസ്റ്റിക് മാലിന്യം നഗരസഭ ഏർപ്പെടുത്തിയ ഏജൻസി ശേഖരിച്ച് കോഴിക്കോട് പ്രവർത്തിക്കുന്ന കമ്പനികൾക്ക് നൽകും. ഇത് റോഡ്, സിമന്റ് നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. ജൈവ മാലിന്യം വളമായി ഉപയോഗിക്കും. നഗരത്തിലെ കർഷകർക്ക് വളം ആവശ്യമെങ്കിൽ നഗരസഭ നൽകും. പ്ലാസ്റ്റിക് മാലിന്യത്തിന് കിലോയ്ത് 10 രൂപയും മറ്റ് മാലിന്യങ്ങൾക്ക് 5- 6 രൂപയും നഗരസഭ ഏജൻസിക്ക് നൽകും.
........................................
# യജ്ഞത്തിൽ പങ്കെടുത്തവർ: 5000
# ശുചീകരണം: 45 ദിവസം
# നേതൃത്വം: നഗരസഭ അധികൃതർ
...................................
'നഗര ശുചിത്വം നഗരസഭയുടെ സ്വപ്ന പദ്ധതിയാണ്. തുടക്കത്തിലെ ആവേശം ശുചീകരണത്തിൽ മുഴുനീളെ കാണും. ജനുവരി ഒന്നിന് നഗരത്തെ പൂർണമായും ശുചിത്വ നഗരമായി പ്രഖ്യാപിക്കാൻ സാധിക്കും. നഗരത്തിൽ ഒരിടത്തും ഇനി മാലിന്യ കൂമ്പാരങ്ങൾ ഉണ്ടാവില്ല'
(ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭ ചെയർമാൻ)
................................
'ആലപ്പുഴ നഗരത്തെ മാതൃകാ ശുചിത്വ നഗരമാക്കി മാറ്റാനുള്ള പ്രാരംഭ നടപടികൾക്കാണ് തുടക്കമായത്. വികസനവും കരുതലും സൗന്ദര്യവത്കരണവും നാടിന് അനിവാര്യമാണ്'
(ബഷീർ കോയാപറമ്പിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)