കുട്ടനാട്ടിൽ നിന്ന് യന്ത്രങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക്
അമ്പലപ്പുഴ: തമിഴ്നാട്ടിൽ നിന്നെത്തിച്ച കൊയ്ത്ത് യന്ത്രങ്ങൾ, ഉണങ്ങിവരണ്ട ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലെ നെൽപ്പാടങ്ങളിലേക്ക് കടന്നതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ വെള്ളക്കെട്ടുള്ള പാടങ്ങളിൽ കൊയ്ത്ത് യന്ത്ര ക്ഷാമം രൂക്ഷമായി. സർക്കാർ വിലാസം യന്ത്രങ്ങളിലെ സാങ്കേതിക പ്രശ്നങ്ങൾ നിമിത്തം ഇവയോടു കർഷകർക്കു താത്പര്യവുമില്ല.
അമ്പലപ്പുഴ, തകഴി, കുന്നുമ്മ പ്രദേശങ്ങളിലാണ് കൊയ്ത്ത് യന്ത്രം കിട്ടാത്തതിനെ തുടർന്ന് കർഷകർ ഏറെ ദുരിതത്തിലായിരിക്കുന്നത്. ഇവിടങ്ങളിലെല്ലാം സ്വകാര്യ യന്ത്രങ്ങളാണ് കൊയ്ത്ത് നടത്തിയിരുന്നത്. വേഗം കൊയ്തെടുക്കാൻ സാധിക്കുമെന്നതിനാലാണ് ഇതര സംസ്ഥാനങ്ങളിലെ ഉണങ്ങിയ നെൽപ്പാടങ്ങളിലേക്ക് ഏജന്റുമാർ യന്ത്രങ്ങളുമായി കടന്നത്. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമുള്ള പാടശേഖരങ്ങളിൽ നെൽച്ചെടികൾ വെള്ളത്തിലാണ്. പലേടത്തും ഇവ വീണ നിലയിലുമാണ്. കൊയ്തെടുക്കാൻ കൂടുതൽ സമയവും വേണം. വെള്ളത്തിൽ ഇറങ്ങി കൊയ്യുമ്പോൾ നെല്ലിനോടൊപ്പം വെള്ളവും യന്ത്രത്തിന്റെ അരിപ്പയിൽ കയറി നെല്ല് നഷടപ്പെടാൻ സാദ്ധ്യതയുണ്ട്.
ആധുനിക സജ്ജീകരണങ്ങളുള്ള കൊയ്ത്ത് യന്ത്രങ്ങൾ സ്വകാര്യ മേഖലയിലായതിനാൽ സർക്കാരിന്റെ കൊയ്ത്ത് യന്ത്രങ്ങളോട് പാടശേഖര കമ്മിറ്റികൾക്കും താത്പര്യം കുറവാണ്. പാടശേഖര കമ്മിറ്റികൾ കൃഷിഭവനിൽ നൽകുന്ന അപേക്ഷയിൽ സ്വകാര്യ കൊയ്ത്ത് യന്ത്രങ്ങളാണ് ആവശ്യപ്പെടുന്നത്. നവംബർ 25 വരെ മറ്റു സംസ്ഥാനങ്ങളിൽ വിളവെടുപ്പു നടക്കുന്നതിനാൽ അതു കഴിഞ്ഞു മാത്രമേ സ്വകാര്യ യന്ത്രങ്ങൾ കേരളത്തിലേക്ക് എത്തുകയുള്ളൂ എന്നാണ് അറിയുന്നത്.
ഏറെ വൈകി
ഇപ്പോൾത്തന്നെ പല പാടശേഖരങ്ങളിലും നെല്ല് കൊയ്തെടുക്കേണ്ട സമയം അതിക്രമിച്ചു. ഇനിയും താമസിച്ചാൽ വലിയ സാമ്പത്തിക ബാദ്ധ്യത നേരിടേണ്ടി വരുമെന്ന ആശങ്ക കർഷകർക്കുണ്ട്. ഏക്കറിന് 20,000- 30,000 രൂപ ചെലവഴിച്ചാണ് ഇക്കുറി കൃഷിയിറക്കിയത്. പ്രളയവും പിന്നീടുണ്ടായ വെള്ളപ്പൊക്കവുമൊക്കെ ദുരിതം വിതച്ച കാർഷിക മേഖലയിൽ ഉണർവുണ്ടായി വരുന്നതിനിടെയാണ് കൊയ്ത്ത് യന്ത്രത്തിന്റെ ലഭ്യതക്കുറവ് ഇരുട്ടടിയായത്.