ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ ധന്യ ആർ. കുമാർ നിർവഹിച്ചു. ഓരോ സ്‌കൂൾ അതിർത്തിയിലും കല, സാഹിത്യം, ശാസ്ത്രം, കായികം എന്നീ മേഖലകളിൽ മികവു തെളിയിച്ച പ്രതിഭകളെ വീടുകളിലെത്തി ആദരിക്കുകയും ഇവർക്കൊപ്പം സംവദിക്കുകയും ചെയ്യുന്ന പദ്ധതിക്കാണ് ശിശുദിനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് തുടക്കമിട്ടത്. 28 വരെയാണ് ഗൃഹസന്ദർശനം.
ആലപ്പുഴ ഉപജില്ലയിലെ ഗവ. ഗേൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് മഹാരാജാസ് കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ. എബ്രഹാം അറയ്ക്കലിനെ ആദരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ആർ ഷൈല, എസ്.എസ്.എ പ്രൊജക്ട് ഓഫീസർ സിദ്ധിഖ്, ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ, ഹെഡ്മിസ്ട്രസ് റാണി തോമസ്, എസ്.എം.സി ചെയർമാൻ ഷാജി കോയാപറമ്പിൽ, അദ്ധ്യാപകരായ കെ.ജെ നോബിൾ, റോബി ഫാത്തിമ, ഷഹനാസ് എന്നിവർ പങ്കെടുത്തു.