പൂച്ചാക്കൽ:വേമ്പനാട്ടു കായലിലും കൈതപ്പുഴ കായലിലും പായൽ നിറയുന്നത് ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും തടസമാകുന്നു. കൈതപ്പുഴ കായലിൽ പള്ളിപ്പുറം മുതൽ അരൂക്കുറ്റി വരെയുള്ള പ്രദേശങ്ങളിൽ ദിവസങ്ങളായി പായൽ ശല്യം രൂക്ഷമാണ്. ഉൗന്നിവലയിടുന്നവർക്കും നീട്ടുവലയിടുന്നവർക്കുമാണ് പായൽ ശല്യം വലിയ ഭീഷണിയാകുന്നത്. പായലിൽ കുടുങ്ങി വല നശിച്ചുപോകുകയാണ്. കായലിലേക്ക് പ്രവേശിക്കുന്ന ഇടത്തോടുകളിലും പായൽശല്യമുണ്ട്
വെള്ളപ്പൊക്കത്തിനുശേഷം കായലിൽ മത്സ്യത്തിന്റെ ലഭ്യതയുണ്ടെങ്കിലും പായൽ നിറയുന്നതോടെ മത്സ്യബന്ധനത്തിനു പോകാൻ കഴിയുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ജലഗതാഗത വകുപ്പിന്റെ പാണാവള്ളി–പെരുമ്പളം ബോട്ടു സർവീസുകൾക്കും പായൽ തടസമുണ്ടാക്കുന്നു. പാണാവള്ളി–പെരുമ്പളം–പൂത്തോട്ട ബോട്ട് സർവീസിനെയാണ് പായൽ ശല്യം കൂടുൽ ബാധിക്കുന്നത്. ബോട്ട് ജെട്ടികൾക്ക് സമീപം പായൽ നിറഞ്ഞാൽ ബോട്ട് അടുപ്പിക്കുന്നതിന് ജീവനക്കാർ ഏറെ പ്രയാസപ്പെടേണ്ടിവരും. പായലുകൾ നീക്കംചെയ്യാൻ നടപടി വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.