മാന്നാർ: ഒരുമയുടെ കൃഷിക്കാലം എന്ന പേരിൽ ചെന്നിത്തല മഹാത്മ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ എസ്.പി.സി കേഡറ്റുകളുടെ കൂട്ടായ്മയിൽ നടത്തിയ വാഴക്കൃഷിയിൽ വൻവിജയം.
സ്‌കൂൾ വളപ്പിൽ ഒരേക്കറോളമുള്ള സ്ഥലത്ത് പഠനത്തോടൊപ്പം കുട്ടി പൊലീസ് അംഗങ്ങൾ കൃഷിയിറക്കിയാണ് നൂറുമേനി വിളവെടുത്തത്. 62-ാമത് കേരളപ്പിറവി ദിനത്തിലാണ് സ്‌കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ 165 ഓളം വാഴവിത്തുകൾ നട്ടത്. സ്‌കൂൾ വളപ്പിലുള്ള സ്ഥലം കൃഷിക്ക് ഉപയോഗിച്ച ശേഷം ചെന്നിത്തല കൃഷിഭവന്റെ സഹായത്തോടെ വാഴവിത്തുകൾ സംഘടിപ്പിച്ച് പരീക്ഷണാടിസ്ഥാനത്തിൽ കാർഷിക കൂട്ടായ്മയിലൂടെ കൃഷി പരിപാലനം നടത്തി. 30,000 രൂപ ഇതിനോടകം കൃഷിക്കായി ചെലവഴിച്ചു. ഇതിനിടെ വെള്ളപ്പൊക്കത്തിൽ നിരവധി വാഴകളും നശിച്ചു. ജൈവവളമാണ് കൃഷി പരിപാലനത്തിന് ഉപയോഗിച്ചതെന്ന് കോ ഓർഡിനേറ്റർ മനോജ് എൻ.നമ്പൂതിരി പറഞ്ഞു.
എസ്.പി.സി യൂണിറ്റംഗങ്ങളോടൊപ്പം സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എയും കൃഷിപരിപാലനവുമായി ഇവരോടൊപ്പമുണ്ട്. വിളവെടുപ്പ് മഹോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് നിർവഹിച്ചു. അഭിലാഷ് തൂമ്പിനാനത്ത് അദ്ധ്യക്ഷനായി. വി.ജെ. വർഗീസ്, ഗോപി മോഹനൻ, മാന്നാർ എസ്.ഐ ജോർജുകുട്ടി, സുരേഷ്, കെ.അശോക് കുമാർ, കെ.സുരേഷ്‌കുമാർ, വി.അശ്വതി, ബിനി സതീശൻ, സി.വി. ലക്ഷ്മി എന്നിവർ സംസാരിച്ചു. മികച്ച കർഷകൻ ജനാർദ്ദനനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. എസ് രമാദേവി സ്വാഗതവും മനോജ് എൻ.നമ്പൂതിരി നന്ദിയും പറഞ്ഞു.