വളളികുന്നം : വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘം സുഹൃത്തിന്റെ അച്ഛനെയും ബന്ധുവിനെയും മർദ്ദിച്ചതായി പരാതി. വള്ളികുന്നം കൊണ്ടോടി മുകൾ അംബേക്കർ കോളനിയിൽ ശരത് ഭവനത്തിൽ രാജു ( 48) ബന്ധു ശശാങ്കൻ (46) എന്നിവർക്കാണ് മർദ്ദനമേറ്റത്.കഴിഞ്ഞ ദിവസം രാത്രി 11.30 ടെയാണ് സംഭവം. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് വീട്ടുകാർ വഴക്കുപറഞ്ഞതിനെത്തുടർന്നാണ് വള്ളികുന്നത്തു നിന്ന് പ്ലസ് ടു വിദ്യാർഥിയെ കാണാതായത്. ഈ വിദ്യാർത്ഥിയുടെ സുഹൃത്താണ് രാജുവിന്റെ മകൻ. രാത്രിയിൽ രാജുവിന്റെ വീട്ടിലെത്തിയ മകനെ ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിനിടെ പൊലീസ് തങ്ങളെ മർദിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. പരിക്കേറ്റ രാജുവിനെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ വിദ്യാർത്ഥിയെ ഇന്നലെ രാവിലെ പടയണിവെട്ടം ഭാഗത്തുനിന്ന് കണ്ടെത്തി. എന്നാൽ, സംഭത്തിൽ ആരെയും മർദ്ദിച്ചിട്ടില്ലെന്നും വിദ്യാർത്ഥിയെ കാണാനില്ലെന്ന വിട്ടുകാരുടെ പരാതിയിൽ സുഹൃത്തിന്റെ വീട്ടിൽ അന്വേഷണത്തിനെത്തിയതാണെന്നും വള്ളികുന്നം പൊലീസ് വ്യക്തമാക്കി.