മാന്നാർ: ബംഗ്ളാദേശികളായ തൊഴിലാളികൾ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ വൃദ്ധദമ്പതികൾക്ക് മകൾക്കൊപ്പം അന്ത്യവിശ്രമം.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് കൊല്ലപ്പെട്ട വെൺമണി കൊഴുവല്ലൂർപാറച്ചന്ത ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ (കുഞ്ഞുമോൻ-75), ഭാര്യ, ലില്ലി ചെറിയാൻ (70) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കോടുകുളഞ്ഞി സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിലെ ആഞ്ഞിലിമൂട്ടിൽ കുടുംബ കല്ലറയിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അടക്കി. ഇതേ കല്ലറയിലാണ് നാലു വർഷം മുൻപ് മരണമടഞ്ഞ മകൾ ബീനയുടെ മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്.
ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ
രാവിലെ 9.15ഓടെ രണ്ട് ആംബുലൻസുകളിലായി അനേകം വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായിട്ടാണ് വീട്ടിലേക്കു കൊണ്ടുവന്നത്. നിമിഷ നേരം കൊണ്ട് വീടും പരിസരവും ജനനിബിഢമായി. സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യങ്ങളായിരുന്നു ചെറിയാനും ലില്ലിയും. ഇരുവരുടെയും സ്വീകാര്യതയ്ക്ക് തെളിവായി മാറി, സംസ്കാര ചടങ്ങുകളിലെ ജനസാന്നിദ്ധ്യം. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വൈദികർക്കും വോളടണ്ടിയർമാർക്കും സെക്യൂരിറ്റി ജീവനക്കാർക്കും ഏറെ ക്ലേശിക്കേണ്ടി വന്നു. ദുബായിലായിരുന്ന മക്കൾ ബിബി ചെറിയാനും ബിന്ദു ചെറിയാനുമടക്കമുള്ള കുടുംബാംഗങ്ങൾ ബുധനാഴ്ച തന്നെ എത്തിയിരുന്നു
ഓർത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ തിമോത്തിയോസ്, പ്രൊഫ. അലക്‌സിയോൻ മാർ യൗേസോബിയോസ് എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടിൽ ശുശ്രൂഷകൾ നടത്തിയത്. 11.30ഓടെ വീട്ടിൽ നിന്നു പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. കോടുകുളഞ്ഞി സി.എസ്.ഐ പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് ബിഷപ്പ് തോമസ് ശാമുവേൽ നേതൃത്വം നൽകി. സി.എസ്.ഐ മദ്ധ്യകേരള ഇടവക ട്രഷറർ തോമസ് പായിക്കാൻ, സെക്രട്ടറി ജോൺ ഐസക്ക്, തുടങ്ങി വിവിധ സഭകളിൽ നിന്നുള്ള 100 കണക്കിന് വൈദികർ സംസ്‌കാര ശുശ്രൂഷകളിൽ പങ്കെടുത്തു.
കൊടിക്കുന്നിൽ സുരേഷ് എം.പി, സജി ചെറിയാൻ എം.എൽ.എ, എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെബിൻ പി.വർഗീസ്, വി.വേണു, രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, ചെങ്ങന്നൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.അജിത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ലെജു കുമാർ, രാഷ്ട്രീയ നേതാക്കളായ ജേക്കബ് തോമസ് അരികുപുറം, എബി കുര്യാക്കോസ്, എം,വി. ഗോപകുമാർ തുടങ്ങി നിരവധി നേതാക്കൾ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.