എടത്വാ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നടത്തിപ്പിനെക്കുറിച്ചുള്ള അവലോകന യോഗം നാളെ ഉച്ചയ്ക്ക് രണ്ടിന് ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടന പ്രതിനിധികളും, മാദ്ധ്യമപ്രവർത്തകരും പങ്കെടുക്കും.
ചക്കുളത്തുകാവ് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്മിനിസ്‌ട്രേറ്റർ അഡ്വ. ഗോപാലകൃഷ്ണൻ നായർ, രമേഷ് ഇളമൺ, ഹരിക്കുട്ടൻ നമ്പൂതിരി, അജിത്ത് കുമാർ പിഷാരത്ത്, പിആർഒ സുരേഷ് കാവുംഭാഗം, ഉത്സവ കമ്മറ്റി പ്രസിഡന്റ് കെ. സതീഷ് കുമാർ, സെക്രട്ടറി സന്തോഷ് ഗോകുലം, പി.ഡി കുട്ടപ്പൻ എന്നിവർ എന്നിവർ പങ്കെടുക്കും.
ഈ വർഷത്തെ പൊങ്കാല മഹോത്സവം ഡിസംബർ പത്തിന് നടക്കും. പുലർച്ചെ നാലിന് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് നിർമ്മാല്യ ദർശനം, വിളിച്ചുചൊല്ലി പ്രാർത്ഥന. പത്തിന് പൊങ്കാലക്ക് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്ര ശ്രീകോവിലിൽ നിന്നും പണ്ടാര പൊങ്കാല അടുപ്പിലേയ്ക്ക് മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അഗ്‌നി പകരും. പൊങ്കാലയുടെ ചടങ്ങുകൾക്ക് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം വഹിക്കും.