മാവേലിക്കര : ചെറുകോൽ ഈഴക്കടവ് നാരായണഗുരു ധർമ്മാനന്ദാശ്രമത്തിൽ 17 മുതൽ 23 വരെ ലോകശാന്തി മഹായജ്ഞവും 23ന് ഗുരുധർമ്മാനന്ദ സ്വാമി മഹാസമാധി രജതജൂബിലിയും മഹായതി പൂജയും നടക്കും. സ്വാമി ശിവസ്വരൂപാനന്ദ മഹായതി പൂജക്ക് നേതൃത്വം നൽകും. ഗണേശൻ സ്വാമിയാണ് ആചാര്യൻ.
ലോകശാന്തി മഹായജ്ഞ ദിവസങ്ങളിൽ ദിവസവും രാവിലെ 5.30ന് ഗുരുപുഷ്പാഞ്ജലി, യജ്ഞസമാരംഭ പ്രാർത്ഥന, 6ന് ഹവനം, 7ന് സ്വാമി ഗൃഹത്തിൽ നിന്ന് സ്വർഗക്ഷേത്രത്തിലെ ഹവനവേദിയിലേക്ക് ദീപപ്പകർച്ച, മഹാഹവന ഹോമം, 8ന് ലോകശാന്തി മഹായജ്ഞം, 10.15ന് മഹാഗുരുപുഷ്പാഞ്ജലി, പ്രാർത്ഥന, ഉച്ചക്ക് 12.30ന് പ്രസാദമൂട്ട്, 3ന് ലോകശാന്തി മഹായജ്ഞം, വൈകിട്ട് മഹാഗുരുപുഷ്പാഞ്ജലി, മഹാഹവനഹോമം എന്നിവ നടക്കും. യജ്ഞവേദിയിൽ 11 ദിവസം പ്രകാശിക്കുന്ന കിടാവിളക്ക് ഗുരുധർമ്മാനന്ദ സ്വാമിയുടെ പുത്രി രമാദേവി ദീപം തെളിയിച്ച് പ്രതിഷ്ഠിക്കും.
ഗുരുധർമ്മാനന്ദ സ്വാമി മഹാസമാധി രജതജൂബിലിയും മഹായതി പൂജയും നടക്കുന്ന 23ന് രാവിലെ 6ന് സ്വാമിഗ്രഹത്തിൽ ഹവനവും ശ്രീകോവിൽ മണ്ഡപത്തിൽ മഹാഹവന ഹോമവും നടക്കും. 8ന് ലോകശാന്തി മഹായജ്ഞം, 10ന് ഗുരുപുഷ്പാഞ്ജലി, 10.15ന് മഹായതി പൂജ, ഉച്ചക്ക് 12.30ന് മഹാഗുരുപൂജ, പ്രസാദമൂട്ട്, വൈകിട്ട് ഗുരുപുഷ്പാഞ്ജലി, മഹാഹവനഹോമം, രാത്രി 9.15ന് മഹാസമാധി പ്രാർത്ഥന എന്നിവ നടക്കും.