ചേർത്തല: മരണത്തിലൂടെ വേർപിരിഞ്ഞ പ്രിയതമന്റെ ഓർമ്മയ്ക്കായി നിധിപോലെ സൂക്ഷിച്ചിരുന്ന ആ സ്വർണ്ണമോതിരം ബന്ധുവിന്റെ കൈയിൽ നിന്നു നഷ്ടമായെന്നറിഞ്ഞപ്പോൾ, മറ്റൊരു വിരഹത്തിന്റെ തീവ്ര വേദനയിലായിരുന്നു മംഗള. ഇതും വിധിയുടെയൊരു തീർപ്പായിരിക്കാം എന്നു കരുതി കഴിയവേ, മോതിരം തിരിച്ചുകിട്ടിയെന്ന വിവരം ലഭിച്ചപ്പോൾ ഒരു കല്ല്യാണമേളം തന്നെയായിരുന്നു ആ മനസിൽ നിറയെ.
പട്ടണക്കാട് പടിഞ്ഞാറേ മനക്കോടം ചേന്നാട്ട് പരേതനായ സി.കെ.മണിയുടെ ഭാര്യ മംഗള 14 വർഷം മുമ്പാണ് വിധവയായത്. ഭർത്താവിന്റെ ഓർമ്മയ്ക്കായി കാത്തുസൂക്ഷിച്ചിരുന്ന നാല് ഗ്രാം തൂക്കമുള്ള മോതിരമാണ് കഴിഞ്ഞ ദിവസം ബന്ധുവിന്റെ കൈയിൽ നിന്ന് നഷ്ടപ്പെട്ടത്. 45 വർഷം പഴക്കമുള്ള വിവാഹ മോതിരം കേടുപാടു തീർക്കാൻ സഹോദരി പുത്രി സീമയെ ഏൽപ്പിച്ചിരുന്നു. സീമയുടെ ഭർത്താവ് വയലാർ നീലിമംഗലം പുത്തൻവെളിയിൽ പി.ജി. സാബു മോതിരം കേടുപാട് തീർത്ത് വീട്ടിൽ കൊണ്ടുവന്നു. പക്ഷേ, മോതിരം സാബുവിന്റെ പോക്കറ്റിൽ തന്നെ കിടന്നു. ഇക്കാര്യം സാബു ഓർത്തതുമില്ല.
മകൾക്ക് കാൽക്കുലേറ്റർ വാങ്ങാനായി ചേർത്തല നഗരത്തിലെ കോന്നോത്ത് ടൈംസിൽ കഴിഞ്ഞ 5ന് സാബു എത്തിയിരുന്നു. ഈ യാത്രയിലാണ് പോക്കറ്റിലുണ്ടായിരുന്ന മോതിരം നഷ്ടമായത്. ദിവസങ്ങൾക്ക് ശേഷം വീട്ടിൽ മോതിരം തിരഞ്ഞപ്പോഴാണ് നഷ്‌ടപ്പെട്ട വിവരം അറിയുന്നത്. പക്ഷേ, എവിടെയാണ് പോയതെന്ന് ഒരു തിട്ടവുമില്ലായിരുന്നു. ആയുർവേദ ഡോക്ടർ ഡി.കുട്ടിക്കൃഷ്ണന്റെ വയലാറിലെ ക്ലിനിക്കിൽ ജോലിക്കാരിയായ സീമ, അവിടെവച്ചാണ് ഒരു മോതിരം കളഞ്ഞുകിട്ടിയ വാർത്ത പത്രത്തിൽ കാണുന്നത്. കോന്നോത്ത് ടൈംസിൽ ലഭിച്ച മോതിരം പൊലീസിന് കൈമാറിയെന്നായിരുന്നു വാർത്ത. സീമ ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോഴാണ് സാബു ഈ സ്ഥാപനത്തിൽ പോയിരുന്ന കാര്യമോർത്തത്.
തുടർന്നുള്ള അന്വേഷണത്തിൽ കളഞ്ഞുകിട്ടിയ മോതിരം ഇതുതന്നെയെന്ന് സ്ഥരീകരിക്കുകയായിരുന്നു. കടയിലെ സി.സി ടിവി പരിശോധനയിലും ഇക്കാര്യം വ്യക്തമായി. ഇരുവരേയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സി.ഐ മോഹൻലാലിന്റെ സാന്നിദ്ധ്യത്തിൽ, കടയുടമ ബാബുരാജ് സാബുവിന് മോതിരം കൈമാറി. തിരികെക്കിട്ടിയ മോതിരം നിറമിഴികളോടെ മംഗള സ്വീകരിച്ചു. ബാബുരാജിന്റെ സത്യസന്ധയ്ക്ക് പൊലീസ് വക അഭിനന്ദനവും.