അമ്പലപ്പുഴ : മണ്ഡലകാലത്തെ വരവേൽക്കാനൊരുങ്ങി അമ്പലപ്പുഴ. അയ്യപ്പന്റെ മാതൃ സ്ഥാനീയരായ അമ്പലപ്പുഴക്കാർക്ക് ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളിൽ പ്രധാന ചടങ്ങാണ് ആഴി പൂജ. അമ്പലപ്പുഴ അയ്യപ്പ ഭക്ത സംഘത്തിന്റെ മേൽനോട്ടത്തിൽ 18 അഴി പൂജകളാണ് ഈ മണ്ഡലകാലത്ത് നടക്കുന്നത്.
ആദ്യ ആഴി പൂജ 20 ന് മുഹമ്മ ചീരപ്പൻ ചിറ കളരിയിൽ നടക്കും. തീർത്ഥാടന കാലത്ത് അമ്പലപ്പുഴ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കായി 50 ദിവസം ഉച്ചക്കും വൈകിട്ടും അന്നദാനം ഉണ്ടാകും. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഊട്ടുപുരയിലാണ് അന്നദാനം .
ദീർഘകാലം എരുമേലി പേട്ട കെട്ടിൽ വാവർ പ്രതിനിധിയായി അനുഗമിച്ചിരുന്ന ഹസൻ റാവുത്തറുടെ കുടുംബമായ താഴത്തുവീട്ടിൽ കുടുംബാംഗങ്ങളുടയും എരുമേലി വാവർ പള്ളിയുടെയും വകയാണ് രണ്ട് ദിവസത്തെ അന്നദാനം . നവംബർ 19 നാണ് താഴത്തുവീട്ടുകാരുടെ അന്നദാനം. 30 ന് പള്ളിവക അന്നദാനവും നടക്കും.
കളിത്തട്ടിനു പടിഞ്ഞാറുഭാഗം സേവന കേന്ദ്രം പ്രവർത്തിക്കും. ദേവസ്വത്തിൽ നിന്നും രസീത് വാങ്ങി വരുന്നവർക്ക് ഗുരുസ്വാമിമാർ ഇരുമുടിക്കെട്ട് നിറച്ച് നൽകും. തീർത്ഥാടന സംബന്ധമായ വിവരങ്ങളും ദാഹജലവും സേവന കേന്ദ്രത്തിൽ ലഭ്യമാണ്. സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9 ന് അമ്പലപ്പുഴ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗോപകുമാറും അന്നദാനത്തിന്റെ ഉദ്ഘാടനം അമ്പലപ്പുഴ സി.ഐ ടി. മനോജും നിർവഹിക്കും. സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.