crime

ആലപ്പുഴ : വെൺമണി ഇരട്ടക്കൊലപാതകക്കേസിൽ പ്രതികളെ പൊലീസ് കുടുക്കിയത് ചടുലനീക്കങ്ങളിലൂടെ. വിശാഖ പട്ടണത്ത് പിടിയിലായ പ്രതികളെ ഇന്നലെ ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കഴിഞ്ഞ 12നാ ണ് വെൺമണി കൊഴുവല്ലൂർ ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ(76), ഭാര്യ ലില്ലി ചെറിയാൻ(72) എന്നിവരെ വീടിനുള്ളിൽ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൃത്യത്തിനു ശേഷം ട്രെയിനിൽ നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളും ബംഗ്ളാദേശ് സ്വദേശികളുമായ ലബ്‌ലു, ജൂവൽ എന്നിവരെ വിശാഖപട്ടണത്തു വച്ചാണ് പൊലീസ് പിടികൂടിയത്.

കൊലപാതകവിവരം പുറത്തറിഞ്ഞ് 14 മണിക്കൂറിനുള്ളിൽ പ്രതികളെ കുടുക്കാൻ കഴിഞ്ഞത് പൊലീസിന്റെ കൂട്ടായ പ്രവർത്തന ഫലമായാണെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി എസ്.കളിരാജ് മഹേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആന്ധ്ര, തമിഴ്നാട് പൊലീസിന്റെയും റെയിൽവേ പൊലീസിന്റെയും സഹായവും നിർണായകമായി.തമിഴ്നാട് മെയിൽവേ എ.ഡി.ജി.പി ശൈലേന്ദി, വിശാഖപട്ടണം പൊലീസ് കമ്മിഷണർ ആർ.കെ.മീണ എന്നിവർ സമയോചിതമായി ഇടപെട്ടു. കൊറോമാണ്ടൽ എക്സ്‌പ്രസിൽ രക്ഷപെടുന്നതിനിടെയാണ് പ്രതികളായ ലബ്‌ലു, ജൂവൽ എന്നിവർ പിടിയിലായത് .ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശാനുസരണം ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഇന്നലെ പുലർച്ചെയാണ് പ്രതികളെ ആലപ്പുഴയിൽ എത്തിച്ചത്. ചോദ്യം ചെയ്യലിനുശേഷം വൈകിട്ട് വെൺമണിയിൽ ദമ്പതികളുടെ വീട്ടിൽക്കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

ഇരട്ടക്കൊലപാതക വിവരമറിഞ്ഞെത്തിയ പൊലീസ് വെൺമണിയിൽ നടത്തിയ അന്വേഷണത്തിൽ ലബ്‌ലു, ജൂവൽ എന്നിവരാണ് കൃത്യത്തിന് പിന്നിലെന്ന് മനസിലാക്കി. ഇവരുടെ സുഹൃത്തുക്കളിൽ നിന്ന് ഇരുവരുടെയും ഫോട്ടോ പൊലീസിന് ലഭിച്ചു. ഇത് ആദ്യം സംസ്ഥാന തലത്തിലും പിന്നീട് ദേശീത തലത്തിലും പൊലീസ് സ്റ്റേഷനുകൾക്കും റെയിൽവേ പൊലീസിനും കൈമാറി. പ്രതികൾ കൊൽക്കത്തവഴി ബംഗ്ളാദേശിലേക്ക് കടക്കും എന്ന് സുചന പൊലീസിന് ലഭിച്ചിരുന്നു. കൊറോമാണ്ടൽ എക്സ്‌പ്രസ് 13ന് കൊൽക്കത്തയിൽ എത്തുമെന്നതിനാൽ 12ന് വൈകിട്ട് കേരള പൊലീസിന്റെ ഒരു ടീം വിമാനമാർഗം കൊൽക്കത്തയിൽ എത്തി.ട്രെയിൻ ചെന്നൈയിൽ നിന്ന് പുറപ്പെട്ടപ്പോൾ ആർ.പി.എഫിനെയും വിശാഖപട്ടണം ജില്ലാ പൊലീസ് മേധാവിയെയും കേരള പൊലീസ് വിവരം അറിയിച്ചു. തുടർന്ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രതികളെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ ഇരട്ടക്കൊലപാതകം നടത്തിയ കാര്യം പ്രതികൾ റെയിൽവേ പൊലീസിനോട് സമ്മതിച്ചു. തുടർന്ന് മാന്നാർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണത്ത് എത്തിയാണ് പ്രതികളെ ഏറ്റുവാങ്ങി ആലപ്പുഴയിലേക്ക് എത്തിച്ചത്.

 സ്വർണ്ണവും പാസ്പോർട്ടും കണ്ടെടുത്തു

ബംഗ്ളാദേശ് പാസ്പോർട്ടും കൊലപാതകശേഷം ദമ്പതികളുടെ വീട്ടിൽ നിന്ന് കവർന്ന 45.5പവൻ സ്വർണ്ണാഭരണങ്ങളും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. വിശാഖപട്ടണത്ത് പ്രതികളെ കുടുക്കുന്നതിന് സഹായകമായത് സി.സി.ടിവി ദൃശ്യങ്ങളാണ്. പ്രതികൾ വെൺമണിയിൽ വീട്ടുജോലിക്ക് എത്തിയതെങ്ങനെയെന്നും ഏതെങ്കിലും ഏജൻസി വഴിയാണോയെന്നതും ഇവരുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പടെയുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കുമെന്നും ഡി.ഐ.ജി പറഞ്ഞു. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, ഡിവൈ. എസ് .പിമാരായ കൃഷ്കുമാർ, അനീഷ് വി.കോര, വിവേക് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 രണ്ട് ദിവസം ജോലി, മൂന്നാംനാൾ കൊല

തനിച്ച് താമസിച്ചിരുന്ന വൃദ്ധ ദമ്പതികളുടെ വീട്ടിൽ കൃത്യത്തിന് രണ്ട് ദിവസം മുമ്പ് പ്രതികൾ ജോലിക്ക് എത്തിയിരുന്നു. ദിവസം 650രൂപ വീതം കൂലിയ്ക്ക് രണ്ട് ദിവസം ജോലി നോക്കി. ദമ്പതികൾ താമസിക്കുന്ന വീട‌ിന് സമീപം ഇവർക്ക് താമസ സൗകര്യവും നൽകി.ഇതിനടുത്ത ദിവസമാണ് കൊലപാതകം നടത്തിയത്. 12ന് രാവിലെ എ.പി.ചെറിയാനെയും ഭാര്യയെയും പുറത്തു കാണാത്തതിനെതുടർന്ന് നടത്തിയ അന്വേണത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുവായ വി.കെ.സാമുവലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ജോലിക്കെത്തിയവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ലബ്‌ലു, ജൂവൽ എന്നിവർ സ്ഥലം വിട്ടതായി കണ്ടെത്തി.