ആലപ്പുഴ: പൊതുജനങ്ങൾ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ട സ്ഥിതിക്ക് മാറ്റം വരുത്തുമെന്ന് പുതിയ കളക്ടർ എം. അഞ്ജന വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാധാരണക്കാർ ഒരേ ആവശ്യത്തിനായി പല പ്രാവശ്യം ഓഫീസുകൾ കയറിയിറങ്ങുന്ന സ്ഥിതിയാണിന്നുള്ളത്. ഇതിന് മാറ്റം ഉണ്ടായേ മതിയാവൂ. ജനങ്ങൾക്ക് നൽകുന്ന സേവനമാണ് സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തിൻെറ അളവുകാേൽ. ആലപ്പുഴയെക്കുറിച്ച് കൂടുതൽ മനസിലാക്കേണ്ടതുണ്ട്. ജില്ലയിലുണ്ടായ പ്രളയത്തിൽ അർഹരായ ആർക്കെങ്കിലും സഹായം കിട്ടാനുണ്ടെങ്കിൽ അത് അവരുടെ കൈകളിൽ എത്തിക്കും.

ചെറിയ തടസങ്ങൾ ഉണ്ടായതിനെതുടർന്ന് നീണ്ടു പോകുന്ന ബൈപ്പാസിന്റെ പൂർത്തീകരണത്തിന് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കോഓർഡനേഷൻ സാദ്ധ്യമാക്കും. മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നൽകും. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രശ്നങ്ങൾ സംബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ പങ്കെടുത്തു. പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിന് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. കനാലും വയലുകളും നിറഞ്ഞ ആലപ്പുഴ ജില്ലയ്ക്ക് വലിയ സാംസ്‌കാരിക പൈതൃകമുണ്ട്. ആരോഗ്യം, ടൂറിസം മുതലായ മേഖലകളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുമെന്നും കളക്ടർ പറഞ്ഞു.