കായംകുളം: പ്ലാസ്റ്റിക്കിനെ പടികടത്താൻ ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. ആദ്യ പടിയായി ആഞ്ഞിലിമൂട് പബ്ലിക് മാർക്കറ്റിൽ മെറ്റീരിയൽ റിക്കവറി സെന്റർ ആരംഭിച്ചു. വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ റിക്കവറി സെന്ററിൽ എത്തിച്ച് തരം തിരിച്ച് പുനരുപയോഗത്തിനായി അംഗീകൃത കമ്പനികൾക്ക് നൽകും.
പ്രത്യേക പരിശീലനം ലഭിച്ച ഹരിത കർമ സേനാംഗങ്ങളാണ് വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ശ്രീദേവി ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ രജനി മുരളി, എസ്.തമ്പി, ഗംഗാസുദേശൻ, തോമസ് ജേക്കബ്, ശ്രീലേഖ, എസ്.സിന്ധു, അസി. സെക്ര. അമൃത ടി.മോഹൻ തുടങ്ങിയവർ സംസാരിച്ചു.