ആലപ്പുഴ: മണ്ഡലമാസത്തിന് തുടക്കമായതോടെ അയ്യപ്പൻമാർക്ക് ഇടത്താവളമാകാൻ ക്ഷേത്രങ്ങളൊരുങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ദേവീക്ഷേത്രം, തുറവൂർ മഹാദേവ ക്ഷേത്രം, ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രം എന്നിവിടങ്ങളാണ് പ്രധാന ഇടത്താവളങ്ങൾ. അയ്യപ്പ ഭക്തർക്ക് വിരി വയ്ക്കാനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങൾ അയ്യപ്പഭക്ത സംഘവും ക്ഷേത്രോപദേശക സമിതികളും ഒരുക്കിയിട്ടുമുണ്ട്.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന്റെ നേതൃത്വത്തിൽ സമീപ ക്ഷേത്രങ്ങളിൽ ആഴിപൂജ നടത്തുന്ന പതിവുണ്ട്. അയ്യഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ 51 ദിവസം അന്നദാനമുണ്ട്. തീർത്ഥാടകർക്ക് വിവരങ്ങൾ നൽകാൻ ഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കും.വലിയ തിരക്കാണ് ഇവിടെ എല്ലാവർഷവും അനുഭവപ്പെടുന്നത്.
മുല്ലയ്ക്കൽ ക്ഷേത്രത്തിൽ തീർത്ഥാടകരെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഇൻഫർമേഷൻ സെന്ററും പതിവുപോലെ പ്രവർത്തിക്കും.
ഓണാട്ടുകരയിലെ പ്രധാന ഇടത്താവളമാണ് ചെട്ടികുളങ്ങര ദേവീക്ഷേത്രം. തീർത്ഥാടകരെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത് ക്ഷേത്രവുമായി ബന്ധപ്പെട്ട കരക്കാരുടെ കൂട്ടായ്മയാണ്. വിരിവയ്ക്കുന്ന അയ്യൻമാർക്കും മാളികപ്പുറങ്ങൾക്കും ഭക്ഷണവും രാത്രിയിൽ അത്താഴക്കഞ്ഞിയും നൽകും.
തീർത്ഥാടകർക്കു വിപുലമായ സൗകര്യമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രം ആഡിറ്റോറിയത്തിലും കിഴക്കേ ഗോപുരത്തിന്റെ മുകൾ നിലയിലും പടിഞ്ഞാറെ നടപ്പന്തലിലും തീർത്ഥാടകർക്ക് വിരിവയ്ക്കാനുള്ള വിപുലമായ സൗകര്യമുണ്ട്. മൂന്നുനേരം ഭക്ഷണവും നൽകും.കരുവാറ്റ തിരിവിലഞ്ഞാൽ ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം, തകഴി ശാസ്താക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഇടത്താവളങ്ങൾ ഒരുക്കിയിട്ടുണ്ട്.
.