കുട്ടനാട് : എ സി റോഡിൽ രാമങ്കരി ജംഗ്ക്ഷനു സമീപം വാട്ടർ അതോറിട്ടിയുടെ പ്രധാന ജലവിതരണ പൈപ്പു പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നടപടിയെടുക്കാതെ അധികൃതർ.
നീരേറ്റുപുറം വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നും പള്ളിക്കൂട്ടുമ്മ ടാങ്കിലേക്കും അവിടെ നിന്ന് രാമങ്കരി, ചമ്പക്കുളം, കാവാലം, പുളിങ്കുന്ന് എന്നീ നാലു പ്രധാന പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലേക്കും ആവശ്യമായ കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രധാന പൈപ്പുകൂടിയാണിത്. പതിനായിരക്കണക്കിന് ലിറ്റർ വെള്ളമാണ് ഓരോ ദിവസവും പാഴാകുന്നത്. റോഡ് ഇടിഞ്ഞു താഴുന്നതിനും വാഹന ഗതാഗതം തടസ്സപ്പെടുന്നതിനും ഇത് കാരണമാകുന്നു. രാമങ്കരി പഞ്ചായത്തിലെ തന്നെ മറ്റു പല പ്രദേശങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി പരാതിയുണ്ട്.