ചേർത്തല: തണ്ണീർമുക്കത്തെ കുരുന്നുകൾ ഒരുക്കിയ മഴവിൽ സംഗമം 2019 അംഗൻവാടി ഫെസ്റ്റ് വർണമഴയായി മാറി. 44 അംഗൻവാടികളിൽ നിന്ന് എത്തിയ അഞ്ഞൂറിൽപ്പരം കുരുന്നുകളാണ് അരങ്ങിൽ വിസ്മയ വിരുന്ന് ഒരുക്കിയത്. സംഗമവേദിയിൽ എത്തിയ രക്ഷകർത്താക്കൾക്ക് അത്ഭുത കാഴ്ച്ചയൊരുക്കിയ മുഴുവൻ കുട്ടികൾക്കും തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് സമ്മാന പെരുമഴയാണ് സമ്മാനിച്ചത്. രാവിലെ പുത്തനങ്ങാടി പാലൂത്തറ പാരിഷ് ഹാളിൽ ആരംഭിച്ച ചടങ്ങ് അംഗൻവാടി അദ്ധ്യാപകരുടെ സാംസ്‌കാരിക പരിപാടികളോടെ സമാപിച്ചു. പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് നടത്തിയ മഴവിൽ സംഗമം എ.എം.ആരിഫ് എം.പി.ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. രേഷ്മ രംഗനാഥ്,സാനു സുധീന്ദ്രൻ,രമേഷ് ബാബു,എൻ.വി ഷാജി,സി.ഡി.എസ് പ്രസിഡന്റ് ശ്രീജാ ഷിബു,രതിമണി എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് ഓഫീസർ നീതു അനീഷ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.സി.സേവ്യർ നന്ദിയും പറഞ്ഞു.