 കോടതിയെ സമീപിക്കാനൊരുങ്ങി അഭിഭാഷകൻ

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി സംബന്ധിച്ച് നാൾക്കുനാൾ ആക്ഷേപം ഉയരുമ്പോഴും, തെളിവുകൾ അടക്കം കൈയിൽക്കിട്ടിയ പരാതി മുറുകെപ്പിടിച്ച് വെറുതെയിരിക്കുകയാണ് വിജിലൻസ് സംഘം. ആലപ്പുഴയിലെ അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് കഴിഞ്ഞ മേയിൽ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിനെത്തുടർന്ന് കോടതിയ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരൻ.

കുടിവെള്ള പദ്ധതിയിലെ അഴിമതിക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭം നടത്തുന്നതിനു മുമ്പേയാണ് പരാതിയുമായി സുഭാഷ് വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ പൈപ്പിടലിലെ ക്രമക്കേടുകളെപ്പറ്റി വിശദമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഉന്നത തലത്തിലുള്ള സമ്മർദ്ദമാണ് വിജിലൻസ് നടപടികൾ വൈകുന്നതിനു പിന്നിലെന്ന് ആരോപണമുണ്ട്. ഉദ്യോഗസ്ഥർക്കൊപ്പം രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കുകൂടി അന്വേഷിക്കണമെന്നാണ് ഇപ്പോൾ മുറവിളിയുയരുന്നത്. പദ്ധതിയുടെ നിർവഹണ സമയത്ത് ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിലുണ്ടായിരുന്ന ചിലർക്കെതിരെ നേരത്തേ ആരോപണമുയർന്നിരുന്നു.

നിലവാരമില്ലാത്ത പൈപ്പുകൾ സ്ഥാപിച്ചിടത്താണ് അടിക്കടി പൊട്ടലുണ്ടാകുന്നത്. അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനിയർക്ക് താഴെയല്ലാത്ത ഉദ്യോഗസ്ഥൻ പൈപ്പ് പരിശോധന നടത്തണമെന്നാണ് വ്യവസ്ഥയെങ്കിലും അങ്ങനെയൊന്ന് നടത്തിയതായി അറിയില്ല. പൈപ്പ് കുഴിച്ചിടുന്നതിനായി 60 കിലോമീറ്ററോളം നീളത്തിൽ കുഴിച്ചെടുത്ത മണൽ പദ്ധതി നിർവഹണ വിഭാഗം നിർദ്ദേശിക്കുന്നിടത്ത് നിക്ഷേപിക്കണം എന്നും വ്യവസ്ഥയുണ്ടായിരുന്നു. ആലപ്പുഴ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇ.എം.എസ് സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് മണൽ ഉപയോഗിക്കാമായിരുന്നെങ്കിലും കോടികൾ വിലമതിക്കുന്ന മണൽ ഉദ്യോഗസ്ഥരും കോൺട്രാക്ടറും ചേർന്ന് വിൽക്കുകയായിരുന്നു.

..........................

 2005: പദ്ധതിയുടെ പ്രാരംഭം

 2008: കമ്മിഷനിംഗ് നിശ്ചയിച്ചെങ്കിലും നടന്നില്ല

2017 മേയ് 14: പദ്ധതി കമ്മിഷൻ ചെയ്തു

........................

 'പൂർവ്വ' ലാഭം 68.40 ലക്ഷം

225 കോടി രൂപ മുടക്കി നിർമ്മിച്ച കുടിവെള്ള പദ്ധതിയിൽ 43 ഇടത്താണ് രണ്ടുവർഷത്തിനുള്ളിൽ പൈപ്പ് പൊട്ടിയത്. 16 കിലോമീറ്ററോളം 1100 എം.എം വ്യാസമുള്ള ഹൈ ഡെൻസിറ്റി പോളി എഥിലിൻ പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. വാട്ടർ അതോറിട്ടിയുടെ വ്യവസ്ഥപ്രകാരം, അതോറിട്ടി അംഗീകാരം നൽകിയ രണ്ട് ബ്രാൻഡുകളുടെ പൈപ്പുകൾ മാത്രമേ ഈ 16 കിലോ മീറ്റർ ദൂരത്തിൽ ഉപയാേഗിക്കാൻ പാടുള്ളൂ. എന്നാൽ, അംഗീകാരമില്ലാത്ത പൂർവ്വ എന്ന ബ്രാൻഡ് പൈപ്പാണ് ഇവിടെ ഉപയോഗിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വാട്ടർ അതോറിട്ടി അംഗീകരിച്ച മറ്റ് ബ്രാൻഡുകളേക്കാൾ ഒരു മീറ്ററിന് ആറായിരം രൂപ കുറവാണ് ഇതിന്. നിലവാരം കുറഞ്ഞ പൂർവ്വ പൈപ്പ് പദ്ധതിയിൽ ഉപയോഗിച്ചതുവഴി 68.40 ലക്ഷം രൂപയുടെ ലാഭം കരാറുകാരനുണ്ടായതായി വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. .

 രേഖയില്ലാതെ നഗരസഭ

പദ്ധതിയുടെ ഗുണഭോക്താവ് എന്ന നിലയിൽ ആലപ്പുഴ നഗരസഭയുടെ അക്കൗണ്ടിലേക്കാണ് തുക മുഴുവൻ വന്നിട്ടുള്ളത്. ഈ തുക നിക്ഷേപിക്കുന്നതിന് നഗരസഭ തിരഞ്ഞെടുത്ത ബാങ്ക് അക്കൗണ്ട് അടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. ഈ രേഖകളൊന്നും കാണാനില്ലെന്ന വിവരമാണ് നഗരസഭയിൽ നിന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ കിട്ടിയത്. പദ്ധതിയിൽ നഗരസഭയുടെ വിഹിതമായ അഞ്ച് കോടി രൂപ കൗൺസിലിന്റെ അംഗീകാരമില്ലാതെ മുൻചെയർമാൻ മൂന്ന് തവണയായി നൽകിയതിനെപ്പറ്റി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

 കാട്ടിലെ തടി

2008ൽ തകഴിയിൽ വാട്ടർ ട്രീറ്റ്‌മെന്റ് പ്ളാന്റിന്റെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും പൈപ്പിടൽ അടക്കമുള്ള, പദ്ധതിയുടെ ബഹുഭൂരിഭാഗം പ്രവൃത്തികളും ലക്ഷ്യം കാണാത്തതിനാൽ പ്ളാന്റ് കാടുകയറി കിടക്കുകയായിരുന്നു. 2017 മേയ് 14 ന് കമ്മിഷൻ ചെയ്തശേഷം, 2008 മുതൽ 2017 വരെ പ്ളാന്റ് പരിപാലിച്ചു എന്ന പേരിൽ ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്നും ആരോപണമുണ്ട്

.......................................

'പരാതിയെപ്പറ്റി തിരക്കുമ്പോൾ അന്വേഷണം നടക്കുകയാണെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ മറുപടി. ഇനിയും നടപടികൾ മുന്നോട്ടു നീങ്ങിയില്ലെങ്കിൽ കോടതിയെ സമീപിക്കും'

അഡ്വ.സുഭാഷ് തീക്കാടൻ