ആലപ്പുഴ: നാട്ടിലെ തെറ്റായ നിയമങ്ങളും ചട്ടങ്ങളും തിരുത്താൻ യുവതലമുറ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. കേന്ദ്ര ധനകാര്യ കമ്മിഷൻ നിർദ്ദേശപ്രകാരം സർക്കാർ അനുവദിച്ച 42.25 ലക്ഷവും നഗരസഭയുടെ 42 ലക്ഷവും ചേർത്ത് നിർമ്മാണം പൂർത്തിയാക്കിയ ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലബോറട്ടറി ലൈബ്രറി സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സർക്കാർ നിർമ്മാണങ്ങൾ പലതും സമയബന്ധിതമായി പൂർത്തിയാകുന്നില്ല. സർക്കാർ നിർമ്മാണ കമ്പനികൾ പലപ്പോഴും കരാർ ഏറ്റെടുത്തശേഷം അനിശ്ചിതമായി നീട്ടികൊണ്ടു പോവുന്ന സ്ഥിതിയുണ്ട്. പല സ്ഥാപനങ്ങളും സർക്കാരിന്റെ കരാർ ഏറ്റെടുത്തശേഷം അതു മറിച്ചു കൊടുത്തു ലാഭം എടുക്കുന്ന ഏർപ്പാടും നടക്കുന്നുണ്ടെന്നും ഇൻകെലും കിറ്റ്‌കോയും ഇത്തരത്തിൽ കെടുകാര്യസ്ഥത കാട്ടുന്നതായും മന്ത്രി പറഞ്ഞു. എ.എം.ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. ഡിസംബർ ഒന്നു മുതൽ നഗരസഭയിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണ പരിപാടിക്ക് ആലപ്പുഴ നഗരസഭ തുടക്കം കുറിക്കുകയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞമോൻ പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജി മനോജ് കുമാർ, കൗൺസിലർ എ.എം. നൗഫൽ, എസ്.എം.സി ചെയർമാൻ പി.യു.ശാന്താറാം, എസ്.എം.സി വൈസ് ചെയർമാൻ ജി. സതീഷ്, പ്രിൻസിപ്പൽ സി.ഒ. രാജി എന്നിവർ സംസാരിച്ചു.