ആലപ്പുഴ: റേഷൻ സംവിധാനം സുതാര്യവും സംശുദ്ധവുമാക്കാൻ ഇ- കാർഡുകൾ പ്രാബല്യത്തിലാക്കുമെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തെ സംബന്ധിച്ച് നടന്ന മാദ്ധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. റേഷൻ വിതരണം അഴിമതി രഹിതമാക്കാൻ വിതരണ വാഹനങ്ങളിൽ കളർ കോഡ്, ജി.പി.എസ് തുടങ്ങിയവ നടപ്പാക്കിവരുന്നു. പരാതി പരിഹാരത്തിന് ജില്ലാ, താലൂക്ക് തലത്തിൽ ഓരോ റേഷൻകടയ്ക്കും വിജിലൻസ് സമിതികൾക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ല സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് എം.എം വിനോദ് കുമാർ ക്ലാസെടുത്തു. ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്റ് കെ.യു ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ആർ. രാജേഷ്, ജില്ല സപ്ലൈ ഓഫീസർ മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.