ആലപ്പുഴ: ഉത്പന്ന വൈവിധ്യവൽക്കരണത്തിലൂടെയും ആധുനികവൽക്കരണത്തിലൂടെയും മുന്നേറിക്കൊണ്ടിരിക്കുന്ന കയർ മേഖലയെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ സോഷ്യൽ മീഡിയയുടെ സഹായം തേടുമെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. കയർ കേരള 2019നോടനുബന്ധിച്ച് സാമൂഹ്യമാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആലപ്പുഴ ഹെറിറ്റേജ് പദ്ധതിയിലും സോഷ്യൽ മീഡിയയുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ, കയർ കേരള പ്രോഗ്രാം കോഓർഡിനേറ്റർ അഡ്വ. ആർ.റിയാസ്, ചലച്ചിത്ര സംവിധായകൻ സാജിദ് യഹിയ, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, ചലച്ചിത്രതാരം മിനോൺ, ഗാനരചയിതാവ് സുഹൈൽ തുടങ്ങിയവരും പങ്കെടുത്തു. സാമൂഹ്യമാധ്യമങ്ങൾ വഴി കയർ കേരളയെ ഏറ്റവും കൂടുതൽ ആളുകളിൽ എത്തിക്കുന്ന മികച്ച പോസ്റ്റിനും വീഡിയോയ്ക്കും കയർ കേരള സോഷ്യൽ മീഡിയ അവാർഡ് നൽകും. ഒന്നാം സ്ഥാനമായി 50000 രൂപയും രണ്ടാം സമ്മാനമായി 25000 രൂപയും നൽകും.
ടൂറിസ്റ്റുകളെയും മറ്റും ആകർഷിക്കുന്ന നിലയിൽ കയർ വ്യവസായത്തെ വികസിപ്പിക്കുന്നതിനും കയർ മേഖലയെ പുനരുദ്ധരിക്കുന്നതിനും സമൂഹമാധ്യമങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ സോഷ്യൽ വ്യൂവേഴ്‌സ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുക്കുത്തവരെ സോഷ്യൽ മീഡിയ പാർട്ണർമാരാക്കും. ഒരു രാജ്യാന്തര മേളയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പാർട്ണർമാരെ തിരഞ്ഞെടുക്കുന്നത് കേരളത്തിൽ ആദ്യമാണ്.