കായംകുളം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും ബയോഡാറ്റയും പാസ്പോർട്ടിന്റെ കോപ്പിയും മറ്റും വാങ്ങി പണം കൈപ്പറ്റി വ്യാജ റിക്രൂട്ട്മെന്റുകൾ നടത്തിയ രണ്ടുപേർ പിടിയിലായി.
കായംകുളം മുറിയിൽ ഉലവനത്തറയിൽ മുഹ്സിൻ (34), തൊളിക്കോട് മുക്കുവൻകോട് മുസമ്മിൽ മൻസിൽ താജുദ്ദീൻ (49) എന്നിവരെയാണ് കായംകുളം സി.ഐ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ.എം .ടോമി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എസ്.ഐ. പ്രസാദ്, എ.എസ്.ഐ.യേശുദാസ്, പൊലീസുകാരായ ഷാജിമോൻ, ബിജുരാജ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റിലായവരിൽനിന്നും വ്യാജ റിക്രൂട്ട്മെന്റ് സംബന്ധമായ രേഖകൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.