 സഹകരണം ഉറപ്പിച്ച് സർക്കാർ വകുപ്പുകൾ

കുട്ടനാട്: ചക്കുളത്തുകാവ്‌ പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി. ക്ഷേത്രം കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30ന് ക്ഷേത്രം ആഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പു മേധാവികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 10നാണ് പൊങ്കാല.

പൊങ്കാലയുടെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. തീർത്ഥാടകരുടെ സൗകര്യാർത്ഥം സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന്‌ കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ് നടത്തും. എടത്വ- വീയപുരം റോഡ് പുനർ നിർമ്മിക്കുന്നതിനെത്തുടർന്ന് ഗതാഗതം നിറുത്തിവച്ച സാഹചര്യത്തിൽ അമ്പലപ്പുഴ- പൊടിയാടി റൂട്ടിൽ കൂടുതൽ ബസ്‌ സർവ്വീസുകൾ നടത്തും. തലവടി പ്രാഥമികാരോഗ്യകേന്ദ്രം കോമ്പൗണ്ടിലും വെള്ളക്കിണർ പമ്പ് ഹൗസിനു മുൻവശത്തും താത്കാലിക ഡിപ്പോ സജ്ജമാക്കുമെന്നും പൊങ്കാലയ്ക്ക്‌ ശേഷമുണ്ടാകുന്ന തിക്കുംതിരക്കും നിയന്ത്രിക്കാൻ പോലീസ്‌ വേണ്ട സഹായങ്ങൾ ചെയ്യണമെന്നും ഗതാഗത വകുപ്പിനെ പ്രതിനിധീകരിച്ച ഡിപ്പോ ജീവനക്കാരൻ പറഞ്ഞു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽപ്പെട്ട ഭാഗങ്ങളിൽ പൊങ്കാല കലങ്ങൾ നിരക്കുന്ന പ്രദേശങ്ങളിൽ ആയിരത്തോളം പൊലീസുകാരുടെ സേവനം സജ്ജമാക്കുമെന്നും യാചക നിരോധനത്തിന് നിർദ്ദേശം നൽകുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രദേശത്ത് കൂടുതൽ താത്കാലിക ടാപ്പുകൾ സജ്ജമാക്കുമെന്നും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.ആരോഗ്യവകുപ്പിന്റെ കീഴിൽ ഡിസംബർ 9, 10 ദിവസങ്ങളിൽ ക്ഷേത്ര മൈതാനത്ത് താത്കാലിക ക്ലിനിക്കുകളുടെ പ്രവർത്തനം സംഘടിപ്പിക്കും. അടിയത്തര ഘട്ടത്തിൽ രണ്ട് 108 ആംബുലൻസുകളുടെ സേവനം സജ്ജമാക്കും. പൊങ്കാല നടക്കുന്ന വഴികളിൽ തൊഴിലുറപ്പ്‌ സ്ത്രീകളെ ഉപയോഗിച്ച് പുല്ലും മാലിന്യവും നീക്കം ചെയ്ത്‌ വഴിവിളക്ക് സ്ഥാപിക്കുമെന്ന് എടത്വ, തലവടി, നെടുമ്പ്രം പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ പറഞ്ഞു.

നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ജി. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ കെ.കെ. ഗോപാലകൃഷ്ണൻ നായർ, ഗ്രാമപഞ്ചായത്തംഗം അജിത്കുമാർ പിഷാരത്ത്, എടത്വ എസ്‌.ഐ ജോസഫ് കുട്ടനാട്‌, ഡെപ്യൂട്ടി തഹസിൽദാർ പ്രതാപൻ, വാട്ടർ അഥോറിട്ടി അസി. എൻജിനിയർ ശ്രീകുമാർ, ഡി.ടി.ഒ അജിത്ത്, തലവടി ഗവ. ആശുപത്രി മെഡിക്കൽ ഓഫീസർ ടോണി, പി.

ആർ.ഒ സരേഷ്‌ കാവുംഭാഗം, സത്യൻ, ഉത്സവ കമ്മിറ്റി പ്രസിഡന്റ്‌ കെ. സതീഷ്‌കുമാർ, സെക്രട്ടറി സന്തോഷ്‌ ഗോകുലം എന്നിവർ സംസാരിച്ചു.