മാന്നാർ :വെണ്മണി ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളും ബംഗ്ലാദേശ് സ്വദേശികളുമായ ജുവൽ ഹസൻ ( 22), ലബലു ഹസൻ (36) എന്നിവരെ 25 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ട് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് ഉത്തരവായി.ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് കനത്ത പൊലീസ് കാവലിൽ പ്രതികളെ കോടതയിൽ ഹാജരാക്കിയത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടുകുളഞ്ഞി ആഞ്ഞലിമൂട്ടിൽ എ.പി ചെറിയാൻ(കുഞ്ഞുമോൻ) (75), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെ കമ്പിപ്പാരയും തൂമ്പയും ഉപയോഗിച്ച് പ്രതികൾ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവശേഷം ചെറിയാന്റെ വീട്ടിൽ നിന്നും പണവും സ്വർണ്ണവും കവർന്ന് നാട്ടിലേക്ക് കടക്കുന്നതിനിടെ കോറമാണ്ടൽ എക്സ്പ്രസിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ആവശ്യമെങ്കിൽ പ്രതികളെ വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളുവുകൾ ശേഖരിക്കേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു. കവർച്ച ചെയ്ത സ്വർണാഭരണങ്ങളിൽ ചിലത് ഇനിയും കണ്ടുകിട്ടാനുണ്ടെന്ന് ചെറിയാന്റെ മക്കൾക്ക് പരാതിയുണ്ട്.അതും അന്വേഷണത്തിന്റെ പരിധിയിൽ വരും. ചെറിയാന്റെ സഹോദന്റെ വീട്ടിലാണ് പ്രതികൾ ആദ്യം ജോലി അന്വേഷിച്ചു ചെന്നത്.വിദേശത്തുള്ള മകന്റെ അനുവാദം ലഭിച്ചെങ്കിൽ മാത്രമെ ജോലിയ്ക്ക് നിറുത്താൻ സാധിക്കുകയുള്ളുവെന്ന മറുപടി കേട്ട് മടങ്ങിയ ഇവർ ചെറിയാന്റെ വീട്ടിൽ ജോലിക്കായി എത്തുകയായിരുന്നു. രണ്ട് ദിവസം ഇവിടെ കൂലിപ്പണി ചെയ്ത ശേഷമാണ് ദമ്പതികളെ കൊലപ്പെടുത്തി പ്രതികൾ കടന്നത്.