മാവേലിക്കര : ചെറുകോൽ ഈഴക്കടവ് നാരായണഗുരു ധർമ്മാനന്ദാശ്രമത്തിൽ 17 മുതൽ 23 വരെ നടക്കുന്ന ലോകശാന്തി മഹായജ്ഞത്തിന്റെയും ഗുരുധർമ്മാനന്ദ സ്വാമി മഹാസമാധി രജതജൂബിലി, മഹായതി പൂജയുടേയും ഭാഗമായി ഇന്ന് ഗുരുധർമ്മാനന്ദ സ്വാമി കർമ്മശ്രേഷ്ഠ അവാർഡ് ദാനം നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11.30ന് നടക്കുന്ന അവാർഡ് ദാന സമ്മേളനം ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. റിട്ട.ഡി.ഇ.ഒ പി.എം.രാജൻ അദ്ധ്യക്ഷനാവും. എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി.എം പണിക്കർ മുഖ്യപ്രഭാഷണം നടത്തും. അഡ്വ.ആർ.റജി അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും.

പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ പുനലൂർ ശരത്ചന്ദ്രവർമ്മ, ഡി.സി.സി പ്രസിഡന്റ് എം.ലിജു, കർണ്ണാടക സംഗീതജ്ഞൻ ഭരണിക്കാവ് അജയകുമാർ എന്നിവർക്കാണ് അവാർഡ് നൽകുന്നത്. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ അവാർഡ്ദാനം നിർവ്വഹിക്കും. യോഗത്തിൽ യതിപൂജ കമ്മറ്റി ചെയർമാൻ അഡ്വ.എം.എസ് ഉസ്മാൻ, നൂറനാട് രാമചന്ദ്രൻ, ജി..മോഹൻദാസ്, ഡോ.ശ്രീകുമാർ, എം.ആർ.പ്രദീപ്, സി.എസ്.സന്തോഷ് കുമാർ എന്നിവർ സംസാരിക്കും. അഡ്വ.പ്രകാശ് മഞ്ഞാണിയിൽ സ്വാഗതവും ഈഴക്കടവ് ശ്രീനാരായണ ധർമ്മാനന്ദ ഗുരുകുലം പ്രസിഡന്റ് എൻ.ശിവദാസൻ നന്ദിയും പറയും.