ചേർത്തല: ബസ് യാത്രയ്ക്കിടെ വയോധികയുടെ രണ്ടര പവൻ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിയായ യുവതി പൊലീസ് പിടിയിൽ. വൈക്കം അംബികാമാർക്കറ്റ് കുന്നത്തിൽ കോളനി രാമകൃഷ്ണന്റെ ഭാര്യ പത്മിനിയുടെ (63) മാല അപഹരിച്ച കേസിൽ കാളിയമ്മയാണ് (32) പിടിയിലായത്.
ഇന്നലെ രാവിലെ 11 ഓടെ ചേർത്തല മുനിസിപ്പൽ ബസ് സ്റ്റാൻഡിലാണ് സംഭവം. കോട്ടയത്തുനിന്നു ചേർത്തലയിലേക്കുള്ള ബസിലായിരുന്നു പത്മിനിയും കാളിയമ്മയും യാത്ര ചെയ്തിരുന്നത്. ചേർത്തല സ്റ്റാൻഡിലെത്തി ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ മാല നഷ്ടപ്പെട്ട വിവരം മനസിലാക്കിയ പത്മിനി ബഹളം വച്ചതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന്, സംശയം തോന്നിയ കാളിയമ്മയെ തടഞ്ഞുവയ്ക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നു മാല കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ കാളിയമ്മയെ റിമാൻഡ് ചെയ്തു.