കരട് രേഖയിൽ പ്രത്യേക നിബന്ധനകൾ
ആലപ്പുഴ: ഹോട്ടലുകളിലെ നിബന്ധനകൾ, ഭക്ഷണം പാകം ചെയ്യുന്ന ഷാപ്പുകൾക്കും ഇനി ബാധകമാകും. സർക്കാരിന്റെ പുതിയ കരട് രേഖയിൽ കള്ളുഷാപ്പുകളിൽ ഇരിപ്പിടങ്ങളും ശുചിമുറിയും വേണമെന്നും പുറമേനിന്ന് ഉൾവശം കാണാത്തവിധം മറയ്ക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്.
പ്രദേശവാസികളുടെ സ്വകാര്യത ഹനിക്കപ്പെടാതിരിക്കാൻ നടപടി വേണമെന്ന കോടതി നിർദ്ദേശപ്രകാരം തയ്യാറാക്കിയ കരട് സർക്കുലർ ഹൈക്കോടതിയിൽ ഹാജരാക്കി. പാലക്കാട് പട്ടാമ്പി റേഞ്ചിലെ ഒരു കള്ളുഷാപ്പ് തന്റെ വീടിനു സമീപത്തേക്കു മാറ്റി സ്ഥാപിക്കുന്നതിനെതിരെ വിലാസിനി എന്ന വീട്ടമ്മ സമർപ്പിച്ച ഹർജിയാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ പരിഗണനയിലുള്ളത്. എക്സൈസിന്റെ അന്വേഷണത്തിൽ ഷാപ്പുകളിൽ സൗകര്യമോ വൃത്തിയോ പോരെന്നു തോന്നിയാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ പറയുന്നു.
................................
നിർദ്ദേശങ്ങൾ
# ഷാപ്പ് പ്രവർത്തനം അടച്ചുറപ്പുള്ള കെട്ടിടങ്ങളിലാകണം
# പുറമേനിന്നു കാണാത്തവിധം കെട്ടിടത്തിന്റെ ഉൾവശം മറയ്ക്കണം
# ഷാപ്പും പരിസരവും വൃത്തിയായി സുക്ഷിക്കണം
# ഷാപ്പിലെ മലിനജലവും ഭക്ഷണാവശിഷ്ടങ്ങളും ഒഴിവാക്കാൻ ക്രമീകരണം വേണം
# വൃത്തിയുള്ള ശുചിമുറി ഒന്നെങ്കിലും വേണം
# കസേര, മേശ, ഡെക്സ്, വെളിച്ചം ഇവയുണ്ടാകണം
# ഭക്ഷണം വിളമ്പുന്നുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് സൂക്ഷിക്കണം
# നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് എക്സൈസ് ഉറപ്പാക്കണം.