ഹരിപ്പാട്: ആശുപത്രിയിൽ നടന്ന പരിശോധനയെത്തുടർന്ന് ജീവനൊടുക്കിയ, കാർത്തികപ്പള്ളി മഹാദേവികാട് സർക്കാർ ആയുർവേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി അരുണ (32) തയ്യാറാക്കിയ ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്നു ലഭിച്ചു. കത്തിലെ വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിലും കത്തിൻറെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തൃക്കുന്നപ്പുഴ പൊലീസ് വ്യക്തമാക്കി.
അരുണയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ആശുപത്രിയിൽ നിന്നു വ്യാപകമായി മരുന്ന് കടത്തിയതായി ആരോപണമുയർന്നതോടെയാണ് ഡോക്ടറുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ എന്നിവർ പരിശോധന നടത്തിയത്. പരിശോധനയിൽ മരുന്നുകൾ കുറവാണെന്ന് കണ്ടെത്തി. ഇതേച്ചൊല്ലി ആശുപത്രിയിൽ വച്ച് അരുണയുമായി വാക്കുതർക്കവുമുണ്ടായി. തുടർന്നാണ് വീട്ടിലെത്തി അരുണ ജീവനൊടുക്കിയത്.
കുപ്പി മരുന്നുകൾ മറിച്ചുനൽകിയത് സംബന്ധിച്ച് രാഷ്ട്രീയ ആരോപണങ്ങളും ഉയർന്നുതുടങ്ങി. ഒരു ഡോക്ടറും താത്കാലിക ജീവനക്കാരിയായ അരുണയും മാത്രമായിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്. അരുണ അവധിയിലായിരുന്ന ദിവസം മരുന്ന് എടുത്ത് നൽകിയ ഡോക്ടറാണ് മരുന്നു കുപ്പികൾക്കുള്ളിൽ വെള്ളമാണെന്ന് കണ്ടെത്തിയത്. നാട്ടുകാരും ആരോപണം ഉന്നയിച്ചതോടെയാണ് പഞ്ചായത്ത് അംഗങ്ങൾ പരിശോധനയ്ക്ക് എത്തിയത്. 34 പെട്ടികൾ പൊട്ടിച്ചതിൽ 850 മരുന്നുകുപ്പികൾ കാണേണ്ടിടത്ത് പകുതിയോളം ഇല്ലായിരുന്നു. ബാക്കിയുള്ളവയിൽ മിക്കതിലും മരുന്നിന് പകരം വെള്ളം നിറച്ച നിലയിലായിരുന്നു. ആയുർവ്വേദ മരുന്നുകൾ സി.പി.എം നേതാക്കളുടെ സഹായത്തോടെയാണ് കടത്തിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പരിശോധന നടത്തിയ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളുടെ മാനസിക പീഡനം കാരണമാണ് അരുണ ആത്മഹത്യ ചെയ്തതെന്ന് ഇടത് പക്ഷവും ആരോപിച്ചു. സംഭവത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് കാർത്തികപ്പള്ളി ബ്ളോക്ക് പ്രസിഡന്റ് എസ്.വിനോദ് കുമാർ ആവശ്യപ്പെട്ടു.