photo


ആലപ്പുഴ: ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മർച്ചന്റ് വെൽഫെയർ അസോ. [ഫുമ്മ] കീഴിലുള്ള രണ്ടായിരത്തോളം ഫർണിച്ചർ സ്ഥാപനങ്ങളിൽ കയർ കോർപ്പറേഷന്റെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള ധാരണയായി. ഫുമ്മ രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിലാണ് മന്ത്രി തോമസ് ഐസക്കും അസോ. സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കട്ടിലും ധാരണാപത്രം കൈമാറിയത്.
കേരളത്തിലെ 40 ശതമാനം വീടുകളും പൂർണമായും പണി തീർന്നവയാണ്. ഇവയ്ക്കെല്ലാം ഫർണിച്ചറുകൾ ആവശ്യവുമാണ്. അതുകൊണ്ട് തന്നെ ഫർണിച്ചർ മേഖല കേരളത്തിൽ വലിയ വ്യാപാര മേഖലയാണെന്നും മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കയർ കോർപ്പറേഷന്റെ ഉത്പന്നങ്ങൾ ഫുമ്മയുടെ സ്ഥാപനങ്ങളിലുടെ ജനങ്ങളിൽ എത്തിക്കാൻ ഈ ധാരണാപത്രം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഫുമ്മയുടെ കീഴിൽ 250 കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം മന്ത്രി പി. തിലോത്തമനും സമ്മേളനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും അഞ്ചുലക്ഷം രൂപയുടെ ഇൻഷ്വറൻസ് നൽകുന്ന ഫുമ്മ പദ്ധതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷാജി മൻഹർ, റാഫി പി. ദേവസി, കെ. വി ജാഫർ, ബൈജു, അഹമദ് ബേക്കടൻ, എം.എം മുസ്തഫ എന്നിവർ പങ്കെടുത്തു.