ചേർത്തല: ജീവനക്കാരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് കയർ വകുപ്പിന്റെ നിലപാടിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരം ആരംഭിക്കാൻ തീരുമാനിച്ചതായി കേരള കയർ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ടി.വി. കാർത്തികേയനും ജനറൽ സെക്രട്ടറി അനിൽ മാടൻ വിളയും പ്രസ്താവനയിൽ പറഞ്ഞു.
നിലവിലുള്ള സേവന വേതന ഘടനയുടെ കാലാവധി അവസാനിച്ചിട്ട് രണ്ടു വർഷത്തിലേറെയായി. സമസ്ത മേഖലയിലും പെൻഷൻ നൽകുന്ന സർക്കാർ വിരമിച്ച ജീവനക്കാരുടെ കാര്യത്തിൽ നടപടികൾ സ്വീകരിക്കാതെ ഫണ്ടിന്റെ കുറവു പറഞ്ഞ് വർഷങ്ങളായി വഞ്ചിക്കുകയാണ്. നാമ മാത്രമായ ഗ്രാറ്റുവിറ്റി പോലും നിയമാനുസൃതം നൽകുന്നതിൽ കയർ വകുപ്പ് തയ്യാറാകുന്നില്ല. 20ന് സെക്രട്ടേറിയറ്റു പടിക്കൽ കേരള കയർ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന രക്ഷാധികാരി ബി.സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾ നടത്തുന്ന കുട്ട ഉപവാസം എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്റി സി.ദിവാകരൻ എം.എൽ.എ, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, കയർഫെഡ് ചെയർമാൻ അഡ്വ.സായികുമാർ എന്നിവർ സംസാരിക്കും.