മാവേലിക്കര: ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന കരുവാറ്റ വടക്ക് വിഷ്ണു ഭവനിൽ ജിഷ്ണുവിനെ (21) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്തിമവാദം ഇന്ന് മാവേലിക്കര അഡീഷണൽ ജില്ലാ കോടതി ഒന്നിൽ ആരംഭിക്കും.
2017 ഫെബ്രുവരി 10നാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കാവടിയാട്ടത്തിൽ പങ്കെടുത്ത ശേഷം ബൈക്കിൽ ജ്യേഷ്ഠൻ വിഷ്ണുവിനൊപ്പം വീട്ടിലേക്ക് മടങ്ങിയ ജിഷ്ണുവിനെയും ഇവരുടെ സുഹൃത്ത് സുരാജിനെയും ഊട്ടുപറമ്പ് റെയിൽവേ ക്രോസിൽ വെച്ച് രാവിലെ 11.30ന് ക്വട്ടേഷൻ സംഘം ആക്രമിക്കുകയായിരുന്നു. ജിഷ്ണു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു. കേസിൽ 17 പ്രതികളുണ്ട്. പ്രോസിക്യൂഷൻ 98 സാക്ഷികളെ വിസ്തരിച്ചു. 71 തൊണ്ടി മുതലുകളും 215 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി ഗവ.പ്ലീഡർ അഡ്വ.പി.സന്തോഷാണ് ഹാജരാകുന്നത്. കരുവാറ്റ സ്വദേശി ഉല്ലാസിനെ വധിച്ചതിൻറെ തുടച്ചയെന്നോണമായിരുന്നു ജിഷ്ണു വധം. ഉല്ലാസിനെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങിയ സന്ദീപിൻറെ സുഹൃത്തായിരുന്നു ജിഷ്ണു.