അരൂർ: എഴുപുന്ന പഞ്ചായത്തിൽ ജപ്പാൻ കുടിവെള്ള പദ്ധതി പ്രകാരമുള്ള ജലവിതരണം നിലച്ചിട്ട് ആഴ്ചകൾ പലതു കഴിഞ്ഞെങ്കിലും നടപടിയില്ല. നൂറിലേറെ കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്.
പഞ്ചായത്തിന്റെ കിഴക്കൻ കായലോര മേഖലകളായ എരമല്ലൂർ കുടപുറം, കോന്നനാട് എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടായാതായിട്ട് ഒരു മാസത്തോളമായി. എഴുപുന്ന ജലസംഭരണിയിൽ നിന്ന് ഒന്നിടവിട്ട ദിവസങ്ങളിലാണ് സാധാരണ നിലയിൽ കുടിവെള്ളം പമ്പ് ചെയ്തിരുന്നത്. ഒരു മാസത്തിനിടെ മൂന്നു തവണ വെള്ളം നൂൽ വണ്ണത്തിലാണ് പൈപ്പിൽ എത്തുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു.
മേഖലയിലെ കായലുകളും തോടുകളും മലിനമായതിനാൽ ജപ്പാൻ കുടിവെള്ളമാണ് പ്രദേശത്തെ ഏക ആശ്രയം. ജല അതോറിട്ടി അധികൃതർക്ക് വിഷയങ്ങൾ അറിയാമെങ്കിലും പരിഹാര നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.