കക്കൂസുകളിൽ നിന്ന് നേരിട്ട് കനാലുകളിലേക്ക് മാലിന്യം തള്ളുന്നു
ആലപ്പുഴ: നേരിട്ട് കനാലുകളിലേക്ക് മാലിന്യം തള്ളുന്ന കക്കൂസുകൾ നഗരത്തിന്റെ നവീകരണത്തിൽ വില്ലൻമാരാകുന്നു. മുംബൈ എെ.എെ.ടിയും കൊച്ചി യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനീയറിംഗ് കുട്ടനാടും ചേർന്ന് നടത്തിയ, ആലപ്പുഴ നഗരത്തിലെ കനാൽ മലിനീകരണ പഠനത്തിലാണ് ഇത്തരം കക്കൂസുകൾ കണ്ടെത്തിയത്.
ആലപ്പുഴ ചർച്ച് കനാൽ, ഷഢാമണി കനാൽ, അയ്യപ്പൻപൊഴി തോട്, എസ്.പി ഒാഫീസ് സമീപം, ആലപ്പി കമ്പനി കനാൽ, വൈ.എം.സി.എ തോട്-2 എന്നീ പ്രദേശങ്ങളിലാണ് കക്കൂസ് മാലിന്യത്തിന്റെ അംശം കൂടുതലായി കലർന്നിരിക്കുന്നത്. പഠനത്തിന്റെ അടിസ്ഥാനത്തിൽ മുംബൈയിലെ പാരിസ്ഥിതിക സാങ്കേതിക വിഭാഗത്തിലെ പ്രൊഫ.പ്രദീപ് കൽബാറിന്റെ നിർദ്ദേശ പ്രകാരം ഇൗ കനാലുകളുടെ സമീപത്തെ അശാസ്ത്രീയമായ കുഴി കക്കൂസുകൾ നഗരസഭ മാറ്റി സ്ഥാപിക്കും. ഇതിനു പകരമായി മൂന്ന് ചേമ്പറുകൾ ഉള്ള ശാസ്ത്രീയമായ സെപ്ടിക് ടാങ്കുകൾ നിർമ്മിച്ച് നൽകും. ഇതിന്റെ വിശദമായ രൂപരേഖയും വർക്ക് ഷെഡ്യൂളുകളും പ്രാവർത്തിക റിപ്പോർട്ടും നഗരസഭ അധികൃതർക്ക് കൈമാറി.
കനാലിന്റെ സമീപത്തുള്ള 421 കുടുംബങ്ങൾക്കാണ് പുതിയ സെപ്ടിക് ടാങ്കുകൾ നിർമ്മിച്ച് നൽകുന്നത്.
പദ്ധതിക്കായി, സ്വച്ഛ് ഭാരത് മിഷൻ (അർബൻ) പദ്ധതിയിൽ മറ്റ് നഗരസഭകൾ വിനിയോഗിക്കാതെ അവശേഷിക്കുന്ന തുകയാണ് വിനിയോഗിക്കുന്നത്. ഇതിന്റെ മേൽനോട്ടം ശുചിത്വ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർക്കാണ്. എന്നാൽ നിലവിലെ ശുചിത്വ മിഷൻ ഡയറക്ടർ വിരമിക്കുന്നതിന് മുമ്പായി പദ്ധതിക്ക് അടിയന്തര തീരുമാനമെടുത്തില്ലെങ്കിൽ തുക ലാപ്സായി പോകും. നഗരത്തിന്റെ വികസനത്തിന് അനുയോജ്യമായ മാറ്റം വരുത്താൻ അടുത്ത കൗൺസിൽ യോഗത്തിൽ തീരുമാനമാകുമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ഇതിന്റെ ആദ്യപടിയായി ശാസ്ത്രീയമായ സെപ്റ്റേജ് സ്ഥാപിക്കാൻ എെ.എെ.ടി മുംബൈയിൽ നിന്ന് പ്രൊപ്പോസൽ സ്വീകരിച്ച് ശുചിത്വ മിഷൻ മുഖാന്തരം സർക്കാരിന് അപേക്ഷ സമർപ്പിച്ചു.
............................
ആവശ്യമായ സെപ്ടിക് ടാങ്കുകൾ
# മർത്തോമ ചർച്ച് കനാൽ: 120
# ഷഡാമണി കനാൽ: 151
# അയ്യപ്പൻപൊഴി തോട്: 135
# ആലപ്പി കമ്പനി കനാൽ: 64
# വൈ.എം.സി.എ തോട് : 71
................................
'നഗര വികസനത്തിൽ ആവശ്യമായ മാറ്റം വരുത്തും. കനാലുകളുടെ തീരത്ത് അശാസ്ത്രീയ നിർമ്മാണത്തിന് പകരം ശാസ്ത്രീയമായ സെപ്ടിക് ടാങ്കുകൾ നിർമ്മിക്കാൻ കൗൺസിലിൽ അടിയന്തര തീരുമാനമെടുക്കും'
(ബഷീർ കോയപറമ്പിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)