ആലപ്പുഴ: 'നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ല" എന്ന യു.പ്രതിഭ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ശബരിമല വിഷയത്തിൽ മാദ്ധ്യമങ്ങളെ താറടിച്ചുകൊണ്ടും സി.പി.എമ്മിനെ പുകഴ്ത്തിക്കൊണ്ടുമാണ് പ്രതിഭയുടെ പാേസ്റ്റ്. പാേസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനവധി പേരാണ് പോസ്റ്റിട്ടത്.
കുറച്ച് കൂടെ ക്ഷമിച്ചു കൂടെ മാദ്ധ്യമങ്ങളെ ... എന്നാണ് പോസ്റ്റ് തുടങ്ങുന്നത്. 'അന്നും ഇന്നും എന്നും പറയുന്നു നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ല. പുരോഗമന സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടന്ന ആക്ഷേപങ്ങളെ ചെറുക്കാൻ, പഴയ ഇരുണ്ട കാലത്തേക്ക് നടക്കേണ്ടവരല്ല സ്ത്രീകൾ എന്ന് പറയാൻ ഞങ്ങൾ വനിതാ മതിൽ തീർത്തു. ഈ നാടിനെ വിശ്വാസങ്ങളുടെ തീയിൽ വെന്തു വെണ്ണീറാക്കാൻ ആഗ്രഹിച്ചവർക്ക് എന്റെ പാർട്ടി കൊടുത്ത വ്യക്തമായ മറുപടിയായിരുന്നു വനിതാ മതിൽ. പകൽ കോൺഗ്രസും രാത്രി ആ.എസ്.എസുകാരുമായി കഴിയുന്ന ചിലർ സി.പി.എമ്മിനെതിരെ, വനിതാ മതിലിനെതിരെ വ്യാപകമായ കള്ളപ്രചാരണങ്ങൾ അഴിച്ചു വിട്ടു. ഒന്നും ഫലം കണ്ടില്ല. ഇപ്പോൾ സി.പി. എം ആണ് സ്റ്റേ വച്ചത് എന്ന മട്ടിലായി പ്രചാരണം..
ഇനി സുപ്രീം കോടതി വിധിയും കൊണ്ട് മല കയറാൻ ആരെങ്കിലും വന്നാൽ നിങ്ങൾ എന്തിനാണ് കാമറയുമായി അവരുടെ പിന്നാലെ പോകുന്നത്. എന്തിനാണ് നമ്മുടെ നാട് കത്തിക്കാൻ കൂട്ട് നിൽക്കുന്നത്. ഭൂപരിഷ്‌കരണം അട്ടിമറിക്കാൻ കൂട്ടുനിന്നവരൊക്കെ ഇന്ന് ഇന്ത്യയിലെ നമ്പർ വൺ ആയ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനെ തകർക്കാൻ അണിയറയിൽ നടത്തുന്ന നീക്കങ്ങൾ തലയിൽ അല്പമെങ്കിലും ആൾ താമസമുള്ളവർക്ക് മനസിലാകും.
ശബരിമല ധർമ്മശാസ്താവേ ... 10 വോട്ടിന് വേണ്ടി ഒരു നേരത്തെ വാർത്തക്കുവേണ്ടി ഈ നാട് നശിപ്പിക്കാൻ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.