vi

 20 രൂപയ്ക്ക് ഊണു വിളമ്പി സുഭിക്ഷ

ആലപ്പുഴ: വിശന്നെത്തുന്നവരെ വിലകൊണ്ട് വലിച്ചുകീറി ഭിത്തിയിലൊട്ടിക്കുന്ന ഭക്ഷണശാലകൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട്, ഭക്ഷ്യ പൊതുവിതരണ വകുപ്പിനു കീഴിലുള്ള 'സുഭിക്ഷ' ഉച്ചഭക്ഷണശാലയിൽ 20 രൂപയ്ക്ക് വിശപ്പകറ്റാൻ എത്തുന്നവരുടെ തിരക്കേറുന്നു. സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏകസംരംഭമാണ് നഗരത്തിൽ ശവക്കോട്ടപ്പാലത്തിനു സമീപം നഗരസഭയുടെ വാടക രഹിത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഉച്ചഭക്ഷണ ശാല.

വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് സുഭിക്ഷ ഉച്ചഭക്ഷണശാല ആരംഭിച്ചത്. അവധി ദിനങ്ങളിൽ ഉൾപ്പടെ 12.30 മുതൽ 2.30 വരെയാണ് പ്രവർത്തനം. അഞ്ചുതരം കറികൾ അടങ്ങിയതാണ് ഊണ്. ഓരോ ഉൗണിനും 5 രൂപ മാസം തോറും താലൂക്ക് സപ്ലൈ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ സബ്സിഡിയായി സർക്കാർ നൽകുന്നുണ്ട്. അഗതികൾക്ക് സൗജന്യ ഊണുണ്ട്. ഇതിന്റെ മുഴുവൻ തുകയും (25 രൂപ ) സബ്സിഡിയായി കുടുംബശ്രീയ്ക്ക് സർക്കാൽ നൽകും. നോൺ വെജിറ്റേറിയൻ വിഭവങ്ങൾ (ഇറച്ചി, മീൻ ) 30 രൂപ നിരക്കിൽ കുടുംബശ്രീ സുഭിക്ഷയിൽ നൽകുന്നുണ്ട്.

നാനൂറോളം പേരാണ് ദിവസവും ഊണു കഴിക്കാനെത്തുന്നത്. 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ആവശ്യക്കാർക്ക് സൗജന്യമായി ഒരു നേരത്തെ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ 2017-18 സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ ജില്ലയിൽ നടപ്പാക്കിയ പദ്ധതിയാണ് വിശപ്പ് രഹിത കേരളം. ഇതിന്റെ രണ്ടാംഭാഗമായി ആരംഭിച്ചതാണ് സുഭിക്ഷ. ഫൈവ് സ്റ്റാർ കുടുംബശ്രീ കൊമ്മാടി യൂണിറ്റാണ് ഭക്ഷണം പാചകം ചെയ്ത് വിളമ്പുന്നത്. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസറുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. താലൂക്കിൽ നിന്നു ഒരു ജീവനക്കാരന്റെ സേവനം ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ ഉറപ്പു വരുത്തിയിട്ടുണ്ട്.