ആലപ്പുഴ: മലയാള ഭാഷയ്ക്ക് കരുത്തും കാന്തിയും പകർന്നു നൽകിയ കേരളവർമ്മ വലിയകോയിതമ്പുരാന്റെ കളിത്തട്ടിൽ നാലുനാൾ നീണ്ടുനിൽക്കുന്ന കൗമാരകലയ്ക്ക് ഇന്ന് തിരിതെളിയും.
പ്രധാനവേദിയായ ഹരിപ്പാട് ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 9ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാർ പതാക ഉയർത്തും. വൈകിട്ട് 5ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കലോത്സവം ഉദ്ഘാടനം ചെയ്യും. ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം അദ്ധ്യക്ഷത വഹിക്കും. നടി നവ്യ നായർ വിശിഷ്ടാതിഥിയായിരിക്കും. എം.എൽ.എമാരായ സജിചെറിയാൻ, അഡ്വ. ഷാനിമോൾ ഉസ്മാൻ, തോമസ് ചാണ്ടി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കളക്ടർ എം.അഞ്ജന, ജനപ്രതിനിധികൾ, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. ഇന്ന് രചനാ മത്സരങ്ങൾ നടക്കും. നാളെ മുതലാണ് മറ്റ് മത്സരങ്ങൾ.