 ആന എഴുന്നള്ളത്തിന് കർശന നിർദ്ദേശങ്ങൾ

ആലപ്പുഴ: ഉത്സവകാലം തുടങ്ങുകയാണ്. ആനക്കലിയുടെ കഥകളും ഇനി ഒന്നിനു പിന്നാലെ ഒന്നായി വന്നു തുടങ്ങും. ഉത്സവപ്പറമ്പുകളിൽ ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശങ്ങളാണ് ഇക്കുറിയും അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്യാത്ത ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പ് പൂർണ്ണമായും ഒഴിവാക്കേണ്ടതാണെന്നും കളക്ടറേറ്റിൽ ചേർന്ന ആനപരിപാലന അവലോകന സമിതി യോഗം നിർദ്ദേശിച്ചു.

എ.ഡി.എം വി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഫെൻ ആന്റണി, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.കെ.ഉണ്ണിക്കൃഷ്ണൻ, എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധി ജി.കൃഷ്ണപ്രസാദ്, ഫെസ്റ്റിവൽ കോ ഓർഡിനേഷൻ പ്രതിനിധി കെ.ഗോപിനാഥൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

...................................................

# നിർദ്ദേശങ്ങൾ

 എഴുന്നള്ളത്ത് സമയത്ത് ആനകൾ തമ്മിൽ മതിയായ അകലം വേണം

 പകൽ 11നും വൈകിട്ട് 3.30 നും ഇടയിൽ ആനയെ എഴുന്നള്ളിക്കരുത്

 ആനകളിൽ നിന്ന് കുറഞ്ഞത് 3 മീറ്റർ അകലെ ആളുകളെ നിറുത്തണം

 പാപ്പാന്മാർ മദ്യപിച്ച് ജോലി ചെയ്യാൻ അനുവദിക്കരുത്

 എലിഫന്റ് സ്‌ക്വാഡിലെ വെറ്ററിനറി ഡോക്ടറുടെ സേവനം ഉത്സവകമ്മിറ്റി ഉറപ്പാക്കണം

 25 ലക്ഷത്തിൽ കൂറയാത്ത പബ്ലിക്ക് ലയബിലിറ്റി ഇൻഷ്വറൻസ് വേണം

 40 വയസിനു മുകളിലുള്ള എല്ലാ ആനകളുടെയും ആരോഗ്യസ്ഥിതി പരിശോധിക്കണം

 ആന എഴുന്നള്ളത്തിന്റെ വിവരങ്ങൾ 72 മണിക്കൂർ മുമ്പ് ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസറേയും പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെയും അറിയിക്കണം

 തീവെട്ടി ആനകൾക്ക് ചൂട് ഏൽക്കാത്തവിധം മാറ്റി പിടിക്കണം

 കുട്ടിയാനകളെ (1.5 മീറ്ററിൽ താഴെ പൊക്കമുള്ളവ) ആഘോഷങ്ങളിൽ പങ്കെടുപ്പിക്കരുത്

 ആനയുടെ സമീപത്ത് പടക്കം പൊട്ടിക്കരുത്

 ആനയുടെ കഴുത്തിൽ പേര് പ്രദർശിപ്പിക്കണം

 എഴുന്നള്ളിപ്പ് സമയത്ത് ഒന്നാം പാപ്പാൻ അടുത്തുവേണം