ചികിത്സാ സഹായത്തിന് സ്വർണ്ണമാല ഊരി നൽകിയത് പ്ളസ് വൺ വിദ്യാർത്ഥിനി
ആലപ്പുഴ: കളഞ്ഞുപോയ സ്വർണ്ണമാല തിരികെ കിട്ടിയതിന്റെ ആഹ്ളാദത്തിൽ നടക്കവേയാണ്, നിർദ്ധന കുടുംബത്തിലെ ഗൃഹനാഥന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള പണം സ്വരൂപിക്കാനായി ഒരു സംഘം ആളുകൾ പ്ളസ് വൺ വിദ്യാർത്ഥിനിയായ അലീന പൈലോയുടെയും മുന്നിലെത്തിയത്. പിരിവിനെത്തിയവരെ ഞെട്ടിച്ചുകൊണ്ട് അലീന ഊരി നൽകി, തിരിച്ചുകിട്ടിയ ആ അഞ്ചുഗ്രാമിന്റെ മാല!
പൂങ്കാവ് പാടത്ത് വലിയ വീട്ടിൽ ഷിബുവിന്റെ (43) വൃക്കയാണ് തകരാറിലായത്. ഭാര്യ ഷേർളിയാണ് വൃക്ക നൽകുന്നത്. ശസ്ത്രക്രിയക്കുവേണ്ടിയുള്ള പണം സ്വരൂപിക്കാൻ മുന്നിട്ടിറങ്ങിയ നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് കഴുത്തിൽ നിന്ന് മാല ഉൗരി നൽകിയത് പൂങ്കാവ് വടക്കപ്പറമ്പിൽ പൈലോ ജോസഫിന്റെ മകൾ അലീനപൈലോയാണ്. സാമ്പത്തികശേഷിയുള്ള കുടുംബമല്ല അലീനയുടേത്. അച്ഛൻ പൈലോ ജോസഫ് കയർ ഫാക്ടറി തൊഴിലാളി. അമ്മ ജൂലി പൂങ്കാവിൽ തയ്യൽ കട നടത്തുന്നു. അലീനയുടെ സ്വർണ്ണമാല ഏതാനും ആഴ്ച മുമ്പ് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് മാല തിരികെ കിട്ടിയത്.ആ സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ഷിബുവിന്റെ ചികിത്സാ സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് ലഭിച്ചത്. മാല ചികിത്സാ സഹായമായി നൽകട്ടെ എന്ന് അലീന രക്ഷിതാക്കളോട് ചോദിച്ചു. അവർ സ്‌നേഹപൂർവ്വം സമ്മതിച്ചു. സഹായത്തിനെത്തിയവർക്ക് അലീന സന്തോഷത്തോടെ മാല ഊരിനൽകി. മാല വിറ്റതിലൂടെ പതിനേഴായിരം രൂപയാണ് ചികിത്സാ സഹായ സമിതിക്ക് കിട്ടിയത്.
രണ്ട് മണിക്കൂർ കൊണ്ട് 9.63 ലക്ഷം രൂപയാണ് നാട്ടുകാർ സമാഹരിച്ചത്. ആര്യാട് പഞ്ചായത്തിലെ 15 മുതൽ 18 വരെ വാർഡുകളിലും മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ 10 മുതൽ 13 വരെ വാർഡുകളിലുമാണ് ധനസമാഹരണം നടത്തിയത്. തുക അടുത്ത ദിവസം ഷിബുവിന്റെ കുടുംബത്തിന് കൈമാറും. ചടങ്ങിൽ അലീനയെ അനുമോദിക്കുമെന്ന് കൺവീനർ ജയൻ തോമസ് പറഞ്ഞു.