ഹരിപ്പാട്: റവന്യൂ ടവറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഈ മാസം തന്നെ പൂർത്തീകരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി റവന്യൂ ഭവന നിർമ്മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. ഹരിപ്പാട് റവന്യൂ ടവറിന്റെ ഉദ്ഘാടനം ജൂൺ 21ന് നടന്നുവെങ്കിലും കെട്ടിടത്തിന്റെ ഫയർ എൻ.ഒ.സി. നിയമാനുസൃതമായി കിട്ടാത്തതിനാൽ കെട്ടിട നമ്പർ, വൈദ്യുതി, വാട്ടർ കണക്ഷൻ എന്നിവ ലഭ്യമായിട്ടില്ല. ഫയർ എൻ.ഒ.സി. ഈ ആഴ്ച തന്നെ നൽകാമെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് ഉറപ്പു പറഞ്ഞിട്ടുണ്ട്. അതോടെ കെട്ടിട നമ്പറും വൈദ്യുതിയും വാട്ടർ കണക്ഷനും എത്രയും വേഗം ലഭ്യമാക്കി ഈ മാസം തന്നെ കെട്ടിടം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറ്റം ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇക്കാര്യങ്ങൾ വേഗത്തിലാക്കുന്നതിന് വിവിധ വകുപ്പുകളുമായി പ്രതിപക്ഷനേതാവും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഇത് സംബന്ധി​ച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.