ആലപ്പുഴ: അനധികൃതമായി പെൻഷൻ വാങ്ങുന്നവർ പെരുകിയതോടെ മസ്റ്ററിംഗ് കർക്കശമാക്കി സർക്കാർ. മരിച്ചവരുടെ പേരിൽ വരെ ഇപ്പോഴും അനേകംപേർ പെൻഷൻ വാങ്ങുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. അവരെ കൈയോടെ പിടികൂടി ഒഴിവാക്കും.
പെൻഷൻ യഥാർത്ഥ കൈകളിലാണ് എത്തുന്നതെന്ന് ഉറപ്പ് വരുത്തുന്നതാണ് മസ്റ്ററിംഗ്. പെൻഷൻ വാങ്ങിക്കൊണ്ടിരുന്നവർ മരിച്ചിട്ട് വർഷങ്ങളായി. പക്ഷേ, അത് മറച്ച് വച്ച് ഇപ്പോഴും അർഹരല്ലാത്തവർ പെൻഷൻ വാങ്ങി വരുന്നു. അതുപോലെ പുനർവിവാഹിതരായവരും. ഇതിലൂടെ കോടികളാണ് സർക്കാരിൽ നിന്ന് ഒഴുകിപ്പോകുന്നത്. അതിന് തടയിടാനാണ് മസ്റ്ററിംഗ്. അക്ഷയ കേന്ദ്രങ്ങളിലാണ് മസ്റ്ററിംഗ് നടത്തേണ്ടത്. കാലാവധി നവംബർ 30ൽ നിന്ന് ഡിസംബർ 15 വരെ നീട്ടി.
#എന്താണ് മസ്റ്ററിംഗ്
പെൻഷൻ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തലാണ് മസ്റ്ററിംഗ്. ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ നേരിട്ട് പോയി വിരലടയാളം വഴിയോ, കണ്ണ് ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാം. മസ്റ്ററിംഗിന് ഫീസില്ല.അക്ഷയ കേന്ദ്രങ്ങൾക്കുള്ള തുക സർക്കാർ നൽകും. ഏതെങ്കിലും അക്ഷയ കേന്ദ്രം പണം ആവശ്യപെട്ടാൽ തദ്ദേശസ്ഥാപനത്തിലോ ജില്ലാ അക്ഷയ ഓഫീസിലോ പരാതി നൽകാം.
#ആധാർ കാർഡ് വേണം
ആധാർ കാർഡ് നിർബന്ധമാണ്. പെൻഷൻ ഐഡി കൂടി കരുതുന്നത് എളുപ്പമാകും. അടുത്ത ബന്ധുക്കൾ മുഖേന പെൻഷൻ വാങ്ങുന്ന കിടപ്പുരോഗികൾ തദ്ദേശസ്ഥാപനത്തിൽ അറിയിക്കണം. വീട്ടിൽ വന്ന് മസ്റ്ററിംഗ് നടത്തും. ഇതിനും ഫീസില്ല.ആധാർ കാർഡ് ഇല്ലാത്തവർക്ക് ഗസറ്റഡ് ഓഫീസറുടെ ലൈഫ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാന്വൽ മസ്റ്ററിംഗ് നടത്താം.
# 60 ന് താഴെയുള്ളവർ
വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്ന 60 വയസിന് താഴെയുള്ളവർ പുനർവിവാഹിത ആയിട്ടില്ല എന്ന സർട്ടിഫിക്കറ്റ് കൂടി എല്ലാ വർഷവും ഡിസംബർ മാസത്തിൽ അതാത് തദ്ദേശ സ്ഥാപനത്തിൽ നൽകണം.
#ടോക്കൺ പറയും
മസ്റ്ററിംഗ് നടത്തുന്നതിനുള്ള സെർവർ പല അക്ഷയകേന്ദ്രങ്ങളിലും പണിമുടക്കി. ഇതോടെ അക്ഷയകേന്ദ്രങ്ങളിലെത്തിയവർ നിരാശരായി. ഇവർക്കെല്ലാം ടോക്കൺ നൽകി വിട്ടിരിക്കുകയാണ്. ടോക്കണിൽ പറയുന്ന തീയതികളിൽ അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്തണം.
#സാമൂഹ്യ പെൻഷൻ തുക 1200
#സംസ്ഥാനത്തെ പെൻഷൻകാർ 53.4 ലക്ഷം
#ഇതിനായി വേണ്ടി വരുന്നത് 7706 കോടി
#ജില്ലയിലെ സാമൂഹിക പെൻഷൻകാർ 4ലക്ഷം
# ഏത് അക്ഷയ കേന്ദ്രം വഴിയും മസ്റ്ററിംഗ് നടത്താം
#എല്ലാ പെൻഷൻകാരും മസ്റ്ററിംഗ് നടത്തണം.