മാന്നാർ: ചെന്നിത്തല മഹാത്മാ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിൽ ഇനിമുതൽ പൂക്കളുടെ നറുമണം പരക്കും. ഔഷധ സസ്യങ്ങൾ വളർന്നു പന്തലിക്കും.
പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായാണ് സ്‌കൂൾ വളപ്പിൽ വിദ്യാർത്ഥികൾ ജൈവ വൈവിദ്ധ്യ ഉദ്യാനമൊരുക്കുന്നത്. നിത്യോപയോഗത്തിൽപ്പെടുന്നതും ഔഷധ മൂല്യമുള്ളതുമായ സസ്യങ്ങളാണ് നട്ടുവളർത്തുന്നത്.
ഔഷധ സസ്യങ്ങളുടെ ഉദ്ഘാടനം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഭിലാഷ് തൂമ്പിനാനത്ത് അദ്ധ്യക്ഷനായി. വി. ജെ വർഗീസ്, സ്‌കൂൾ മാനേജർ ഗോപി മോഹനൻ, പ്രിൻസിപ്പൽ ഡോ. എസ് രമാദേവി, പി. ടി. എ പ്രസിഡന്റ് കെ. സുരേഷ്‌കുമാർ, ബിനീഷ് സതീശൻ, സുരേഷ്, മനോജ് എൻ. നമ്പൂതിരി, വി. അശ്വതി, കെ. അശോക് കുമാർ, സി. വി. ലക്ഷ്മി എന്നിവർ സംസാരിച്ചു.
സസ്യ വൈവിദ്ധ്യം
നെല്ലി, പുളി, അമ്പഴം, ആത്ത, നാരകം, ഓമ, തോട്ടുപുളി, ഇരുമ്പൻ പുളി ചാമ്പ, മുള്ളാത്ത, കറുവ, നാട്ടുമാവ്, കശുമാവ്, മഞ്ഞൾ, ആര്യവേപ്പ്, കറ്റാർവാഴ
പഠനം കഴിഞ്ഞ് ഉദ്യാനപരിപാലനം
ഓരോ കുട്ടിയും ഒന്നോ അതിലധികമോ വൈവിദ്ധ്യവും അമൂല്യവുമായ തൈകൾ മുതിർന്ന തലമുറയുടെ സഹായത്തോടെ ശേഖരിച്ച് കൊണ്ടുവരികയും നടുകയും അത് പരിപാലിക്കുകയും ചെയ്യുന്നു. കൂടാതെ അലങ്കാര ചെടികളായ ഓർക്കിഡുകൾ, പിച്ചി, മുല്ല, റോസ്, തെച്ചി തുടങ്ങിയവയും ഉദ്യാനത്തിലുണ്ട്. ചെന്നിത്തല കൃഷിഭവൻ, വീയപുരം വിത്തുല്പാദന കേന്ദ്രം എന്നിവിടങ്ങളിൽ നിന്നും ചീര, കറിവേപ്പ്, കാബേജ്, കോളിഫ്‌ളവർ എന്നീ തൈകളും നട്ടുപരിപാലിക്കുന്നുണ്ട്. കുട്ടികളുടെ പഠന സമയം കഴിഞ്ഞുള്ള സമയങ്ങളിലാണ് ഉദ്യാനപരിപാലനം.
മാന്നാറിൽ പശുപരിപാലനം നടത്തുന്ന സ്വകാര്യ വ്യക്തിയുടെ പക്കൽ നിന്നും ഉണക്ക ചാണകം വാങ്ങിയാണ് ചെടികൾക്ക് വളമായി ഉപയോഗിക്കുന്നത്. പതിനായിരം രൂപയോളം ഈ ഇനത്തിൽ ചെലവഴിച്ചുകഴിഞ്ഞു.
മനോജ് എൻ നമ്പൂതിരി
കോ ഓഡിനേറ്റർ