ചാരുംമൂട്: ലക്ഷങ്ങൾ മുടക്കി ഒന്നല്ല, രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ വന്നിട്ടും
നൂറനാട് പടനിലം ക്ഷേത്ര ജംഗ് ഷൻ ഇപ്പോഴും ഇരുട്ടിൽതന്നെയാണ്.
എം. എൽ.എവികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും പ്രവർത്തന രഹിതമായിട്ട് മാസങ്ങളായതാണ് കാരണം.
വൃശ്ചികം പിറന്നാൽ അയ്യപ്പൻമാരുടെ തിരക്ക് അനുഭവപ്പെടുന്ന ഇടമാണ് പടനിലം. പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നും ശബരിമലയിലേക്ക് കാൽനടയായി സഞ്ചരിക്കുന്ന അയ്യപ്പൻമാരുടെ സംഘങ്ങൾ കടന്നു പോകുന്ന ശബരിമലയുടെ ഇടത്താവളം കൂടിയാണ് പടനിലം. ഓരോ ദിവസവും ആയിരക്കണക്കിനു അയ്യപ്പൻമാരാണ് പടനിലം ക്ഷേത്ര ദർശനം നടത്തി പന്തളത്തിനു കാൽനടയായി ഇതുവഴി സഞ്ചരിക്കുന്നത്.
നൂറനാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ തൊട്ടുമുന്നിലാണ് മിഴി അടച്ചു ഹൈമാറ്റ്സ് ലൈറ്റ് നിൽക്കുന്നതെന്നതാണ് ഏറെ ശോചനീയം.
റീത്ത് വച്ചു പ്രതിഷേധം
മാസങ്ങൾക്കു മുമ്പ് കേടായ ഹൈമാസ്റ്റിനു ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ റീത്ത് വച്ചു പ്രതിഷേധിച്ചിരുന്നു. തുടർന്ന് അറ്റകുറ്റപ്പണി നടത്തി ലൈറ്റ് തെളിഞ്ഞെങ്കിലും അധികം താമസിയാതെ ലൈറ്റ് വീണ്ടും മിഴി അടച്ചു.
ഗുണനിലവാരമില്ലാത്ത ഇത്തരം ലൈറ്റുകൾ പൊതുജനത്തിന്റെ കണ്ണിൽപൊടിയിടാനാണ് സ്ഥാപിക്കുന്നത്. ലക്ഷങ്ങളുടെ തട്ടിപ്പാണ് ഇതു വഴി നടത്തുന്നത്. കേടായ രണ്ടു ഹൈ മാറ്റ്സുകളും അടിയന്തിരമായി നന്നാക്കാൻ നൂറനാട് പഞ്ചായത്ത് നടപടി സ്വീകരിക്കണം.
നാട്ടുകാർ