ഹരിപ്പാട്: കലാപ്രതിഭകൾക്ക് ബന്ധപ്പെട്ട മേഖലയിൽ നിലയുറപ്പിക്കാൻ ആകർഷകമായ ഗ്രേസ് മാർക്കും, പിന്തുണയും നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. റവന്യൂ ജില്ലാ കലോത്സവം ഹരിപ്പാട് ഗവ.ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സരങ്ങൾ നല്ലതാണെന്നും മത്സരിച്ച് തോൽക്കുമ്പോൾ നിരാശരാകരുതെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത നടി നവ്യാ നായർ പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളെ സ്വീകരിക്കാനും, നേരിടാനുമുള്ള മനസാന്നിധ്യം ഇതുവഴി ലഭ്യമാകും. ആരോഗ്യകരമായ മത്സരമാണ് നടക്കേണ്ടത്. അർഹതപ്പെട്ടവർക്ക് വിജയം ഉണ്ടാകണമെന്നും, ഇക്കാര്യത്തിൽ മറ്റ് സ്വാധീനങ്ങളോ, ഇടപെടലുകളോ ഉണ്ടാകരുതെന്നും അവർ പറഞ്ഞു. വിജയിക്കാൻ കുറുക്കുവഴികളില്ല, കഠിനാധ്വാനം മാത്രമെയുള്ളൂ. എല്ലാ വർഷവും സംസ്ഥാന തലത്തിൽ മോണോ ആക്ടിന് ഒന്നാം സ്ഥാനം നേടിക്കൊണ്ടിരുന്ന തനിക്ക് ഒരു വർഷം ബി ഗ്രേഡ് കിട്ടിയപ്പോൾ കരച്ചിലടക്കാനായില്ല. എന്നാൽ സിനിമയിലെത്തി രണ്ട് സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ ഏറെ സന്തോഷിച്ചു. ഒരു തോൽവി ഒന്നിന്റെയും അവസാനമല്ലെന്നും, പങ്കെടുക്കുകയാണ് പ്രധാനമെന്നും നവ്യാ നായർ പറഞ്ഞു. നഗരസഭാധ്യക്ഷ വിജയമ്മ പുന്നൂർ മഠം അദ്ധ്യക്ഷയായി. ബിജു കൊല്ലശ്ശേരി, അഡ്വ.കെ.റ്റി.മാത്യു, അഡ്വ.ജോൺ തോമസ്, രമ്യാ രമണൻ, സി.രാജലക്ഷ്മി, എസ്.രാധാമണിയമ്മ, ശോഭാ വിശ്വനാഥ്, ബി.ബാബുരാജ്, കെ.യു.ഗോപകുമാർ, ഡോ.ജീജ, സജി ഇടിക്കുള, വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ.ആർ.കുമാർ, ഐ.ഹുസൈൻ, എസ്.നാഗദാസ് എന്നിവർ സംസാരിച്ചു.