കായംകുളം: ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ കരുനാഗപ്പള്ളി മുത്താംവാതുക്കൽ പടീറ്റതിൽ സുചിത്രയെ പൊലീസ് പിടികൂടി. ബാങ്ക് ഉദ്യോഗസ്ഥയാണെന്നും അക്കൗണ്ട് എടുത്താൽ 10 ദിവസത്തിനകം ഒരു ലക്ഷം രൂപ ലോൺ ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കൃഷ്ണപുരം പുള്ളികണക്ക് മുറിയിൽ സിനിൽ ഭവനത്തിൽ സനൽകുമാറിന്റെ ഭാര്യ അനിത ഉൾപ്പടെ 16 പേരിൽ നിന്നും 2000 രൂപ വീതമാണ് വാങ്ങിയത്. ഇതിനൊപ്പം കാഷും ഐഡി പ്രൂഫും വാങ്ങിയിരുന്നു.
കായംകുളം ഡിവൈ. എസ്. പി ആർ. ബിനുവിന്റെ നേതൃത്വത്തിൽ സി.ഐ.കെ. വിനോദ്, എഐ.കെ.സുനുമോൻ, എ.എസ്.ഐ. യേശുദാസ്, വനിത പൊലീസുകാരായ അതുല്യ,ബിന്ദു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരിയിലകുളങ്ങര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും പ്രതിക്കെതിരെ സമാന പരാതി ഉള്ളതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.